---
title: "കണ്ണൂരിന്റെ മണ്ണില്‍ സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന് ഇ കെ നായനാര്‍ നഗറില്‍ കൊടി ഉയര്‍ന്നു "
english_title: "The flag was hoisted at EK Nayanar Nagar for the 23rd Party Congress of the CPI (M) on the soil of Kannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36069/the-flag-was-hoisted-at-ek-nayanar-nagar-for-the-23rd-party-congress-of-the-cpi-m-on-the-soil-of-kannur"
published_at: "2022-04-06T11:25:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/624d2faeadff1_CPI1.jpg"
keywords: []
---

# കണ്ണൂരിന്റെ മണ്ണില്‍ സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന് ഇ കെ നായനാര്‍ നഗറില്‍ കൊടി ഉയര്‍ന്നു 

> **Lead Summary:** **കണ്ണൂര്‍** : ഇതിഹാസപോരാട്ടത്താല്‍ ചുവന്ന കണ്ണൂരിന്റെ മണ്ണില്‍ സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇ കെ നായനാര്‍ നഗറില്‍ കൊടി ഉയര്‍ന്നു.

## Article Content

**കണ്ണൂര്‍** : ഇതിഹാസപോരാട്ടത്താല്‍ ചുവന്ന കണ്ണൂരിന്റെ മണ്ണില്‍ സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇ കെ നായനാര്‍ നഗറില്‍ കൊടി ഉയര്‍ന്നു.

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.

സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും.

വ്യാഴം രാവിലെ ഒമ്പതിന് പൊതുചര്‍ച്ച തുടങ്ങും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പങ്കെടുക്കുന്നത്.

ചൊവ്വാഴ്ച പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് പാര്‍ടി കോണ്‍ഗ്രസിലെ നടപടിക്രമങ്ങള്‍ അംഗീകരിച്ചു.

812 പ്രതിനിധികള്‍ സമരത്തീച്ചൂളയില്‍ പൊരുതിയ അനുഭവവുമായാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിനിധികള്‍ പാര്‍ടി കോണ്‍ഗ്രസിന് എത്തിയത്. 25 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചൊവ്വ വൈകിട്ടോടെ കണ്ണൂരില്‍ എത്തിച്ചേര്‍ന്നു.

17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൂടുതല്‍പേര്‍ കേരളത്തില്‍നിന്നാണ്, 178 പേര്‍.

പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധി.

ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ് കണ്ണൂരിലെത്തിയവര്‍ക്ക് പറയാനുള്ളത്.

ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങി സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ ഉത്തരേന്ത്യയിലെ വളര്‍ച്ച തെളിയിക്കുന്നു.

കര്‍ഷകരുടെയും സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഹരിയാനയില്‍ നടന്ന അത്യുജ്വല പ്രക്ഷോഭങ്ങളിലൂടെ ലക്ഷക്കണക്കിനുപേരുടെ പിന്തുണയാണ് സിപിഐ(എമ്മി)നും ഇടതുപ്രസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36069/the-flag-was-hoisted-at-ek-nayanar-nagar-for-the-23rd-party-congress-of-the-cpi-m-on-the-soil-of-kannur)