---
title: "ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമാകുന്നു മരങ്ങള്‍ കടപുഴകി വീണു; ജാഗ്രത നിര്‍ദ്ദേശവുമായ് കാലാവസ്ഥ നിരീക്ഷകര്‍"
english_title: "Heavy rains in hilly areas of the district Trees fell; Meteorologists with caution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36187/heavy-rains-in-hilly-areas-of-the-district-trees-fell-meteorologists-with-caution"
published_at: "2022-04-06T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624da569ae37c_00000000  NEW CARD.JPG"
keywords: []
---

# ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമാകുന്നു മരങ്ങള്‍ കടപുഴകി വീണു; ജാഗ്രത നിര്‍ദ്ദേശവുമായ് കാലാവസ്ഥ നിരീക്ഷകര്‍

> **Lead Summary:** ** കൂരാച്ചുണ്ട്: **ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമാകുമ്പോള്‍ വന്‍ കൃഷി നാശം. കൂരാച്ചുണ്ട് പൂവത്തിന്‍ചോല, മണ്ഡപപ്പാറ ഭാഗങ്ങളില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മരങ്ങളും കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

## Article Content

** കൂരാച്ചുണ്ട്: **ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമാകുമ്പോള്‍ വന്‍ കൃഷി നാശം. കൂരാച്ചുണ്ട് പൂവത്തിന്‍ചോല, മണ്ഡപപ്പാറ ഭാഗങ്ങളില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മരങ്ങളും കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

വരും ദിവസങ്ങളിലും വേനല്‍ മഴ കനക്കുമെന്നാണ് വിവരം. കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലുള്ളവര്‍ക്ക് കാലാവസ്ഥ നിരീക്ഷകര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നഗരപ്രദേശങ്ങളില്‍ കാര്യമായ മഴ ഇല്ല. ഏപ്രില്‍ 09 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത വേണമെന്നും കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ അടുത്ത നാലുദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റും കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടു. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. വെള്ളിയാഴ്ചയാണ് 25ാമത് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റ് ആരംഭിച്ചത്.

കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36187/heavy-rains-in-hilly-areas-of-the-district-trees-fell-meteorologists-with-caution)