---
title: "വിലക്കയറ്റം തടയാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം"
english_title: "Kozhikode district administration to curb inflation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/36302/kozhikode-district-administration-to-curb-inflation"
published_at: "2022-04-07T12:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/624e93a813dbb_RATE1.jpg"
keywords: []
---

# വിലക്കയറ്റം തടയാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം

> **Lead Summary:** **കോഴിക്കോട് :** വിലക്കയറ്റത്തിന് ആശ്വാസം നല്‍കാന്‍ നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം.

## Article Content

**കോഴിക്കോട് :** വിലക്കയറ്റത്തിന് ആശ്വാസം നല്‍കാന്‍ നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം.

വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഇന്നലെ യോഗം വിളിച്ചു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ വ്യാപാര പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗമാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചത്.

ഉത്സവ കാലമാണിതെന്നും അന്യായമായി വില വര്‍ധിപ്പിക്കാതിരിക്കാന്‍ വ്യാപാരി സമൂഹം സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നുവെന്ന് വ്യാപകമായി പരാതികളുയര്‍ന്നിരുന്നു.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിര്‍ബന്ധമായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല സപ്ലൈ ഓഫിസര്‍ കെ. രാജീവ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുധീര്‍ രാജ്, വ്യാപാരി പ്രതിനിധികളായ വി.പി. മുസ്തഫ, കെ. സുബ്രഹ്‌മണ്യന്‍, പി.ടി. ഷുക്കൂര്‍, സില്‍ഹാദ്, കെ.വി. റഷീദ്, ഫിറോസ്, ബാബു കൊണ്ടോട്ടി, എന്‍. സുഗുണന്‍, ഹിമാന്‍ഷു, വി.എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/36302/kozhikode-district-administration-to-curb-inflation)