---
title: "വാകയാടില്‍ രാമന്‍പുഴയെ വീണ്ടെടുക്കാന്‍ ജനകീയകൂട്ടായ്മയില്‍ ശുചീകരണയജ്ഞം "
english_title: "Sanitation campaign in Janakieya Koottayam to reclaim Ramanpuzha at Vakayad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/37958/sanitation-campaign-in-janakieya-koottayam-to-reclaim-ramanpuzha-at-vakayad"
published_at: "2022-04-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bc1bfe0790_RAMANRVR1.jpg"
keywords: []
---

# വാകയാടില്‍ രാമന്‍പുഴയെ വീണ്ടെടുക്കാന്‍ ജനകീയകൂട്ടായ്മയില്‍ ശുചീകരണയജ്ഞം 

> **Lead Summary:** **ബാലുശേരി** : ബാലുശേരി മണ്ഡലത്തിലെ പ്രധാനജലസ്രോതസ്സായ രാമന്‍പുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയില്‍ ശുചീകരണയജ്ഞം.

## Article Content

**ബാലുശേരി** : ബാലുശേരി മണ്ഡലത്തിലെ പ്രധാനജലസ്രോതസ്സായ രാമന്‍പുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയില്‍ ശുചീകരണയജ്ഞം.

തെളിനീരൊഴുകട്ടെ നവകേരളത്തിനായ് എന്ന പദ്ധതിയിലാണ് കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമന്‍പുഴ ശുചീകരിക്കുന്നത്.

പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള ജനകീയ കര്‍മ്മ പരിപാടിയുടെ ആദ്യഘട്ടമായി നടന്ന പുഴയോര നടത്തം കെ.എം. സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.കെ. ഫിബിന്‍, കെ. ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു ഹരിദാസന്‍, ബിന്ദു കൊല്ലര്കണ്ടി, ഗീത കെ ഉണ്ണി, പി. ബാലന്‍നമ്പ്യാര്‍, കെ.വി. സുരേഷ്, വി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാല് കിലോമീറ്ററോളം ദൂരത്തില്‍ രണ്ട് സ്‌കോഡുകളായി തിരിഞ്ഞ് പുഴയുടെ സ്വാഭാവികതയെ സംബന്ധിച്ച് അടയാളപ്പെടുത്തി. മരങ്ങളും, ചളിയും അടിഞ്ഞുകൂടി പുഴ ഗതിമാറി ഒഴുകുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

23 ന് ശനിയാഴ്ച്ച നടക്കുന്ന രാമന്‍പുഴയെ ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുക്കുന്ന ശുചീകരണ യജ്ഞം വാകയാട്ട് വയലില്‍ താഴെ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.

പുഴയോര നടത്തത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ അന്‍പതിലധികം വരുന്ന സ്‌ക്വാഡുകള്‍ ശുചീകരണം നടത്തും. തെളിനീരൊഴുകും നവകേരളത്തിനായ് എന്ന സന്ദേശമുയര്‍ത്തി വിപുലമായ പ്രചാരണ പരിപാടികളാണ് പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

ഓരോ വാര്‍ഡിലും വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തും. 22 ന് വിളംബര ജാഥ നടത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/37958/sanitation-campaign-in-janakieya-koottayam-to-reclaim-ramanpuzha-at-vakayad)