---
title: "എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍"
english_title: "Construction of stalls of My Kerala Mega Exhibition and Marketing Fair is in the final stage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38121/construction-of-stalls-of-my-kerala-mega-exhibition-and-marketing-fair-is-in-the-final-stage"
published_at: "2022-04-18T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d4137ac714_BEACH1.jpg"
keywords: []
---

# എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍

> **Lead Summary:**  **കോഴിക്കോട്**: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ച് ഒരുങ്ങിക്കഴിഞ്ഞു.

## Article Content

 **കോഴിക്കോട്**: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ച് ഒരുങ്ങിക്കഴിഞ്ഞു.

ഏപ്രില്‍ 19 മുതല്‍ 26 വരെയാണ് മെഗാ പ്രദര്‍ശന-വിപണന മേള നടക്കുന്നത്. ഏപ്രില്‍ 19ന് വൈകീട്ട് നാലു മണിക്ക് മാനാഞ്ചിറ മുതല്‍ ബീച്ചു വരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും.

ഘോഷയാത്രയില്‍ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉള്‍പ്പെടുത്തും.

പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

19ന് വൈകീട്ട് ആറു മണിക്ക് ബീച്ചിലെ തുറന്ന വേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടമായി കനോലി കനാലിന്റെ മാതൃകയാണ് തയ്യാറാകുന്നത്.സ്റ്റാളുകളുടെയും കവാടത്തിന്റെയും നിര്‍മാണ പ്രവൃത്തികള്‍ കോഴിക്കോട് ബീച്ചില്‍ അന്തിമഘട്ടത്തിലാണ്.

മേളയുടെ ഭാഗമായി 218 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള 50 തീം സ്റ്റാളുകളുമുണ്ട്. കൂടാതെ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനായി 155 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

മേളയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ച്ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ, എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, വിപുലമായ ഫുഡ് കോര്‍ട്ട്, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകള്‍ നടക്കും. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി ആര്‍ ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

വിവിധ വകുപ്പുകളുടെ ഒരു വര്‍ഷത്തെ വികസന നേട്ടങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്കോര്‍ട്ടും ഒരുങ്ങുന്നുണ്ട്.

വിവിധ മേഖലകളിലെ പ്രമുഖര്‍ കാലികപ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബര്‍ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാര്‍ഷിക വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സെമിനാറുകള്‍ നടക്കുക.

തുടര്‍ന്ന് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജില്‍ അനീഷ് മണ്ണാര്‍ക്കാടും സംഘവും നാടന്‍പാട്ട് അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38121/construction-of-stalls-of-my-kerala-mega-exhibition-and-marketing-fair-is-in-the-final-stage)