---
title: "തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം "
english_title: "Beginning of activities in Thiruvambadi Grama Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38184/beginning-of-activities-in-thiruvambadi-grama-panchayat"
published_at: "2022-04-18T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d93c68cb52_kk.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം 

> **Lead Summary:** **തിരുവമ്പാടി :**തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന്‍ തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയുടെ പ്രഥമ യോഗത്തോടെയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

## Article Content

**തിരുവമ്പാടി :**തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന്‍ തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയുടെ പ്രഥമ യോഗത്തോടെയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്യാമ്പയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ ഇരുവഴഞ്ഞിപുഴയും, പൊയിലിങ്ങാ പുഴയും,തോടുകള്‍, ചെറു ജലാശയങ്ങള്‍ എന്നി മാലിന്യമുക്തമാക്കി ഗ്രാമത്തിന് ഹരിത -ശുചിത്വ - സുന്ദരമായ ജലാശയങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

പദ്ധതിയെ കുറിച്ച് കില ഫാക്കല്‍റ്റി സോമനാഥന്‍ കുട്ടത്ത് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയില്‍ ജനപ്രതിനിധികള്‍, മത, രാഷ്ട്രീയ, സാമുഹിക , സാംസ്‌കാരിക സംഘടനാ നേതാക്കള്‍,വിവിധ വകുപ്പു മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ ,സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങി അറുപതിലധികം വരുന്ന അംഗങ്ങള്‍ ചേര്‍ന്നതാണ് പഞ്ചായത്ത് ജല സമിതി .വാര്‍ഡ് തലത്തില്‍ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വാര്‍ഡ് തല ജലസമിതികളും നിലവില്‍ വരും.

വാര്‍ഡ് മെമ്പര്‍മാര്‍ ഈ സമിതിയുടെ അദ്ധ്യക്ഷരായിരിക്കും. വാര്‍ഡുകളില്‍ ജലനടത്തം സംഘടിപ്പിച്ച ജലാശയങ്ങള്‍ മലിനമാകുന്നതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുകയും മലിനമായ പ്രദേശങ്ങളിലെ ജല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.

മലിനമായ പ്രദേശങ്ങളെ കൃത്യമായി മാപ്പിംഗ് നടത്തി ശുചിത്വ ജലാശയങ്ങളാക്കാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കും.

ജലനടത്തിന്റെ ഭാഗമായി ജലാശയങ്ങളുടെ ഓരത്തു വെച്ച് ജലസഭകള്‍ ചേരുകയും ജലാശയങ്ങള്‍ ശുചിത്വമുള്ളതാക്കാനുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകളും നടക്കും. ലോക ഭൗമദിനമായ ഏപ്രില്‍ 22 ന് പൊയിലിങ്ങാ പുഴയില്‍ ജനകീയ ശുചികരണ യാത്ര സംഘടിപ്പിക്കും.

ഗ്രാമ പഞ്ചായത്ത് തല ക്യാമ്പയ്‌ന് ലോഗോയും ക്യാപ്ഷനും തെയ്യാറാക്കാന്‍ ജനകീയ എന്‍ട്രികള്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട വിവരം ഗ്രാമ പഞ്ചായത്തിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ ലഭ്യമാക്കുന്നതുമാണ്.

എല്ലാവരും പദ്ധതിയുമായി സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍, ലിസി മാളിയേക്കല്‍, രാമചന്ദ്രന്‍ കരിമ്പില്‍, കെ.എം മുഹമ്മദാലി, ജോളി ജോസഫ്, ടോമി കൊന്നക്കല്‍ ,ജോയിക്കുട്ടി ലൂക്കോസ്, സെക്രട്ടറി ബിബിന്‍ ജോസഫ് , സുന്ദരന്‍ എ പ്രണവം ജനപ്രതിനിധികള്‍, മറ്റു സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38184/beginning-of-activities-in-thiruvambadi-grama-panchayat)