---
title: "അത്തോളി സ്‌നേഹതണല്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി "
english_title: "Atholi Snehathanal is the beginning of housing activities"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/38734/atholi-snehathanal-is-the-beginning-of-housing-activities"
published_at: "2022-04-22T10:43:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/62623ad82408f_ATHOLI1.JPG"
keywords: []
---

# അത്തോളി സ്‌നേഹതണല്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** **അത്തോളി** : സ്‌നേഹതണല്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അത്തോളി ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി ഭൂമിയുള്ളതും വീടുവെക്കുവാന്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കുമാണ് സോഷ്യല്‍ മീഡിയയിലെ സൗഹൃദങ്ങളിലെ ഇടപെടലുകള്‍ കൊണ്ട് വീടൊരുക്കുന്നത്.

## Article Content

**അത്തോളി** : സ്‌നേഹതണല്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അത്തോളി ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി ഭൂമിയുള്ളതും വീടുവെക്കുവാന്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കുമാണ് സോഷ്യല്‍ മീഡിയയിലെ സൗഹൃദങ്ങളിലെ ഇടപെടലുകള്‍ കൊണ്ട് വീടൊരുക്കുന്നത്.

ആയിരം പേരുടെ വാട്‌സ് ആപ് കൂട്ടായ്മയാണ് സ്‌നേഹതണല്‍. ഒരു അംഗം ഭവന നിര്‍മ്മാണത്തിന് നല്‍കുന്നത് ആയിരം രൂപയാണ്.

ഇങ്ങനെ ആയിരം അംഗങ്ങളില്‍ നിന്നും ആയിരം രൂപ വീതം സ്വീകരിക്കുന്ന പത്ത് ലക്ഷം രൂപ കൊണ്ടാണ് വീടിന്റ നിര്‍മ്മാണം നടത്തുക. ഓരോ ഭവന നിര്‍മ്മാണത്തിനും ഒരംഗം ആയിരം രൂപ വീതം നല്‍കുന്ന ഒരു തുടര്‍ പദ്ധതിയാണിത്.

സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ട്. അത്തോളി പഞ്ചായത്തിനെ നാല് സോണുകളായി വേര്‍തിരിച്ച് കൂടുതല്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തുന്ന സുതാര്യമായ രീതിയാണ് സംഘാടകര്‍ അവലംബിക്കുന്നത്.

ജനകീയതയുടെ തുടക്കപദ്ധതി എന്ന നിലയില്‍ നാടിന്റെ പൂര്‍ണ്ണ പിന്തുണ പ്രവര്‍ത്തനത്തെ സജീവമാക്കുകയാണ്. പ്രാരംഭ പ്രവര്‍ത്തനത്തിന്റ ഭാഗമായി സോണ്‍ തെരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

13 മുതല്‍ 17 വരെയുള്ള വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന സോണ്‍ നാലാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌നേഹത്തണല്‍ അംഗങ്ങളായ കെ.എം. നുവാഫ്, മാഹിന്‍ അത്തോളി, സാലിഹ്, എം.കെ. ഗിരീഷ് ത്രിവേണി, സാബിറ, ബദ്‌റുദ്ധീന്‍ കോളക്കാട്, അനീഷ്, പി.എസ്. ബിജേഷ്, സി.ടി. റെജി, രാജേഷ്ബാബു, മുഹമ്മദ് ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/38734/atholi-snehathanal-is-the-beginning-of-housing-activities)