---
title: "കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ - തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി "
english_title: "Let me now flow in Kottur Grama Panchayat - Freshwater is the beginning of the Navakeralam project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39085/let-me-now-flow-in-kottur-grama-panchayat-freshwater-is-the-beginning-of-the-navakeralam-project"
published_at: "2022-04-24T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62652de381b34_RIVER1.jpg"
keywords: []
---

# കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ - തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **കോട്ടൂര്‍** : സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ രാമന്‍പുഴ ശുചീകരണത്തിന് തുടക്കമായി.

## Article Content

**കോട്ടൂര്‍** : സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുക എന്ന പൊതു ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ രാമന്‍പുഴ ശുചീകരണത്തിന് തുടക്കമായി.

ഇടിഞ്ഞകടവ്-മുണ്ടയില്‍ താഴെ വെച്ച് പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു.

നമ്മുടെ പുഴകളും നിരവധിയായ തോടുകളുമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്, തോടിനെയും മറ്റു ജലാശയങ്ങളെയും ആശ്രയിച്ചു ജീവിക്കുന്നവരാണ് നമ്മള്‍.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്രയധികം പ്രാധാന്യം പലപ്പോഴും കല്‍പ്പിക്കാറില്ല, അതുകൊണ്ട് തന്നെ പുഴകളേയും തോടുകളെയും കൈത്തോടുകളേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ക്ക് കൂടുതലായുണ്ട്.

ഇപ്പോള്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവരും സജീവമായി പങ്കാളികളാകണം. ശുചീകരണത്തോടൊപ്പം പുഴ തീരങ്ങള്‍ സംരക്ഷിക്കാനും ഒഴുക്ക് സുഗമമാക്കാനുമുള്ള പദ്ധതികള്‍ കൂടി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കണം.

ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, വകുപ്പുതല പദ്ധതികള്‍ സംയോജിപ്പിച്ച് 5 - 10 വര്‍ഷം കൊണ്ട് പുഴയെ പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കുന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നമുക്ക് നടപ്പാക്കണം, പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഹരിത കേരള മിഷന്റെ ഭാഗമായി നടന്നു വരുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' ക്യാമ്പയിന്റെ രണ്ടാംഘട്ട പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിന്‍ നടത്തുന്നത്.

പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടന്നിരുന്ന, ഇടിഞ്ഞകടവ് വ്യാപാരകേന്ദ്രം ഉള്‍പ്പെടെയുള്ള, അഞ്ച് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രാമന്‍ പുഴയുടെ സംരക്ഷണം ഒന്നാംഘട്ടമായി എല്ലാവരുടെയും പിന്തുണയും സന്നദ്ധ പ്രവര്‍ത്തനവും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചെയ്യുന്നത്.

2022- 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഈ പുഴ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്ത് ഉദേശിക്കുകയാണ്.

ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് പുഴ നടത്തത്തില്‍ പങ്കാളി ആവുകയും പുഴയുമായി ബന്ധപ്പെട്ട സമഗ്രമായൊരു വികസനത്തിന് അദ്ദേഹം മുന്‍കൈയ്യെടുക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ നല്ലവരായ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള ജലപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പരിപാടിയിലുള്ള മുഴുവന്‍ ജനങ്ങളും പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.

രാമന്‍ പുഴ ശുചീകരണത്തിന്റെ ഭാഗമായി 4.5 കിലോമീറ്ററോളം ആണ് ശുചീകരണം നടത്തിയത്. പുഴയില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി, പുഴയുടെ തീരങ്ങളിലുള്ള കാടുകളും പ്‌ളാസ്റ്റിക്കും നീക്കി, പുഴയുടെ രണ്ടു വശങ്ങളിലുമുള്ള മരങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ അടിഞ്ഞു കൂടിയിട്ടുണ്ട്.

ഒരു ഭാഗത്തു മണല്‍ വന്നു അടിഞ്ഞു പുഴയുടെ നടുക്ക് തുരുത്തു പോലെ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ പുഴ നീര്‍ച്ചാല്‍ പോലെ രണ്ടു വശത്തുകൂടെ ഒഴുക്കുകയാണ്.

ഈ തുരുത്തില്‍ അനേകം പാഴ് വസ്തുക്കള്‍ അടിഞ്ഞു കൂടിയും ചെടികള്‍ വളര്‍ന്നിട്ടുമുണ്ട്.

പ്രദേശ വാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍,യൂത്ത് വളണ്ടിയര്‍മാര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ ഭാഗങ്ങളിലായി ശുചീകരണത്തില്‍ പങ്കാളികളായി. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പാഴ് വസ്തുക്കള്‍ തരം തിരിച്ചു കൈമാറും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39085/let-me-now-flow-in-kottur-grama-panchayat-freshwater-is-the-beginning-of-the-navakeralam-project)