---
title: "ആദി കിരണിനെ ചേര്‍ത്തുപിടിച്ച് കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ "
english_title: "Kottur AUP School PTA joins Adi Kiran"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39388/kottur-aup-school-pta-joins-adi-kiran"
published_at: "2022-04-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62679642047a8_FUND1.JPG"
keywords: []
---

# ആദി കിരണിനെ ചേര്‍ത്തുപിടിച്ച് കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ 

> **Lead Summary:** **നടുവണ്ണൂര്‍** : സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി 13 വയസ്സുകാരന്‍ ആദി കിരണിന്റെ ചികിത്സയ്ക്കായി കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 1,42, 497 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

## Article Content

**നടുവണ്ണൂര്‍** : സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി 13 വയസ്സുകാരന്‍ ആദി കിരണിന്റെ ചികിത്സയ്ക്കായി കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച 1,42, 497 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

ചികിത്സാ കമ്മിറ്റിക്കു വേണ്ടി കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, പ്രധാനാധ്യാപിക ആര്‍. ശ്രീജയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

പിടിഎ പ്രസിഡന്റ് എം.എം. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ചികിത്സാ ചെലവിലേക്ക് 25 ലക്ഷം സമാഹരിക്കുന്നതിന്റെ പ്രയത്‌നത്തിലാണ് പുളിയോട്ടു മുക്കിലെ നാട്ടുകാര്‍.

ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന മകന് ഓട്ടോ ഡ്രൈവറായ പിതാവ് മീത്തലെ നീലഞ്ചേരി രതീഷ് വൃക്കകള്‍ നല്കാന്‍ തയ്യാറാണെങ്കിലും ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

ആദി കിരണ്‍ ചികിത്സാ കമ്മറ്റിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ( 40173) ശാഖയില്‍ 40173101042526 എന്ന അക്കൗണ്ട് നമ്പറില്‍ (IFSC Code:KLGB0040173) സഹായം ചെയ്യാവുന്നതാണ്.

ഗ്രാമപഞ്ചായത്തംഗം കൃഷ്ണന്‍ മണീലായി, സ്‌കൂള്‍ മാനേജര്‍ കെ. സദാനന്ദന്‍, എംപിടിഎ പ്രസിഡന്റ് സഫിയ ഒയാസിസ്, പിടിഎ വൈസ് പ്രസിഡന്റ് ഇ.കെ. ആനന്ദന്‍, ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ മുണ്ടോളി ചന്ദ്രന്‍, രക്ഷാധികാരി വി.ടി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എന്‍.കെ. സലിം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39388/kottur-aup-school-pta-joins-adi-kiran)