---
title: "അപ്‌ന ഘര്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി : ഉദ്ഘാടനം മെയ് 6ന് "
english_title: "Apna Ghar Phase I completed: Inauguration on May 6"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39902/apna-ghar-phase-i-completed-inauguration-on-may-6"
published_at: "2022-04-29T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b7d6a592fb_KINALOOR1.jpg"
keywords: []
---

# അപ്‌ന ഘര്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി : ഉദ്ഘാടനം മെയ് 6ന് 

> **Lead Summary:** **കിനാലൂര്‍** : അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്‌ന ഘര്‍ കെട്ടിട നിര്‍മ്മാണം കിനാലൂരില്‍ പൂര്‍ത്തിയായി. മെയ് ആറിന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

## Article Content

**കിനാലൂര്‍** : അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്‌ന ഘര്‍ കെട്ടിട നിര്‍മ്മാണം കിനാലൂരില്‍ പൂര്‍ത്തിയായി. മെയ് ആറിന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. അപ്‌ന ഘര്‍ പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തിയാണ് പൂര്‍ത്തിയായത്.

സംസ്ഥാനത്ത് പാലക്കാടും കോഴിക്കോട് കിനാലൂരിലും എറണാകുളം കളമശ്ശേരിയിലുമാണ് അപ്‌ന ഘര്‍ പദ്ധതി നടപ്പിലാക്കുന്നത്.

സര്‍ക്കാരിന്റെ തൊഴിലും നൈപുണ്ണ്യവും വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ ഇവിടെ പാര്‍പ്പിക്കുക.

സൗകര്യം വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേരെ താമസിപ്പിക്കാന്‍ സാധിക്കും. ചുരുങ്ങിയ വാടകയാണ് ഈടാക്കുക.

അതിഥി തൊഴിലാളികള്‍ക്കായി വിനോദത്തിനും വ്യായാമത്തിനുമുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും പദ്ധതിയിലുണ്ടന്ന് ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39902/apna-ghar-phase-i-completed-inauguration-on-may-6)