---
title: "കോഴിക്കോടിന് ഇനി കെ ഫൈ കാലം "
english_title: "Kozhikode is now KFI era"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39919/kozhikode-is-now-kfi-era"
published_at: "2022-04-29T12:41:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/626b90d0da707_KFI.jpg"
keywords: []
---

# കോഴിക്കോടിന് ഇനി കെ ഫൈ കാലം 

> **Lead Summary:** **കോഴിക്കോട്** : തെരഞ്ഞെടുക്കപ്പെടുന്ന പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ നല്‍കുന്ന സര്‍ക്കാരിന്റെ കെ ഫൈ പദ്ധതി ഹിറ്റാകുന്നു.

## Article Content

**കോഴിക്കോട്** : തെരഞ്ഞെടുക്കപ്പെടുന്ന പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ നല്‍കുന്ന സര്‍ക്കാരിന്റെ കെ ഫൈ പദ്ധതി ഹിറ്റാകുന്നു.

ജില്ലയില്‍ 148 ഇടങ്ങള്‍ ഇതിനോടകം ഹോട്ട് സ്പോട്ടുകളായി. ദിവസം 10 എംബിപിഎസ് സ്പീഡില്‍ ഒരു ജിബി വരെ ഉപയോഗിക്കാം.

കേരള സ്റ്റേറ്റ് ഐടി മിഷന്‍ ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതിയൊരുക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 2000 കേന്ദ്രങ്ങളില്‍കൂടി സംസ്ഥാനത്താകെ പദ്ധതി ഒരുക്കാന്‍ ലക്ഷ്യമുണ്ട്.

ഇതില്‍ 200ലധികം ഹോട്ട് സ്‌പോട്ടുകള്‍ ജില്ലയിലായിരിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, വിവര സാങ്കേതികവിദ്യയുടെ വിവിധ ആനുകൂല്യങ്ങള്‍, പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് കെ ഫൈയുടെ ലക്ഷ്യം.

ജില്ലയിലെ തെരഞ്ഞെടുത്ത പൊതുസ്ഥലങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ബസ്സ്റ്റോപ്പുകള്‍, ജില്ലാ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ഇത് ലഭ്യമാകും.

തീരപ്രദേശങ്ങളിലും ലഭ്യമാണ്. ഹോട്ട് സ്പോട്ടുകളില്‍ സൗജന്യ ഒരു ജിബി പരിധിക്കുപുറമെ ആവശ്യാനുസരണം നിശ്ചിത നിരക്കില്‍ ഇടതടവില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്.

ഇതിനായി കുറഞ്ഞ നിരക്കാണ് ഈടാക്കുക. പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും കംപ്യൂട്ടറിലും സൗജന്യ വൈഫൈ ഉപയോഗിക്കാനാകും.

ദിവസം 10 എംബിപിഎസ് സ്പീഡാണുണ്ടാകുക. മൊബൈലില്‍ തെളിയുന്ന കെ ഫൈ ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്താന്‍ ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാം.

എല്ലാ ദിവസവും നെറ്റ്വര്‍ക്ക് എന്‍ജിനിയര്‍മാരുടെ ഫീല്‍ഡ് പരിശോധനയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39919/kozhikode-is-now-kfi-era)