---
title: "തെളിനീരൊഴുകും നവകേരളം : പൂനൂര്‍ പുഴ ജനകീയ ശുചീകരണം നടത്തി "
english_title: "Thelineerozhukum Navakeralam: Poonur river was cleaned by the people"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40748/thelineerozhukum-navakeralam-poonur-river-was-cleaned-by-the-people"
published_at: "2022-05-04T13:07:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/62722e30ac6af_RIVER3.JPG"
keywords: []
---

# തെളിനീരൊഴുകും നവകേരളം : പൂനൂര്‍ പുഴ ജനകീയ ശുചീകരണം നടത്തി 

> **Lead Summary:** **ബാലുശ്ശേരി** : ജലസ്രോതസ്സുകളുടെ സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം എന്ന ജനകീയ ക്യാമ്പയിനിംഗ് ആയ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും, കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി പൂനൂര്‍ പുഴയുടെ ശുചീകരണം ആരംഭിച്ചു.

## Article Content

**ബാലുശ്ശേരി** : ജലസ്രോതസ്സുകളുടെ സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം എന്ന ജനകീയ ക്യാമ്പയിനിംഗ് ആയ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും, കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി പൂനൂര്‍ പുഴയുടെ ശുചീകരണം ആരംഭിച്ചു.

രാവിലെ 10.30 ന് കോര്‍പ്പറേഷനിലെ വാര്‍ഡ് 10 ലെ ഗ്രീന്‍ വേള്‍ഡ് എന്ന സ്ഥലത്ത് ശുചീകരണ പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു

ജലസ്രോതസ്സുകളുടെ പഴയ കാല സ്മരണകളെ കുറിച്ച് പറഞ്ഞു കൊണ്ട് ഇന്ന് പ്രകൃതിക്കും, പുഴകള്‍ക്കും തോടുകള്‍ക്കും സംഭവിക്കുന്ന ഗുരുതരമായ ദുരവസ്ഥകളെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും അതിര്‍ത്തി പങ്കിട്ടു കൊണ്ട് കടന്ന് പോകുന്ന പൂനൂര്‍ പുഴയുടെ 10 കി.മീ ദൂരമാണ് സംയുക്തമായി 8 ക്ലസ്റ്ററുകളിലായി ശുചീകരണം നടത്തുന്നത്.

കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി.

ഈ ശുചീകരണ യജ്ഞത്തോടൊപ്പം പുഴയില്‍ അടിഞ്ഞുകൂടിയ ചളിയും മണ്ണും മണലും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലില്‍ നടത്തേണ്ടതുണ്ടെന്ന് എം.എല്‍.എ തന്റെ പ്രസംഗത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സുനില്‍ കുമാര്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഡോ. ജയശ്രീ, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി. വിനോദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുമൈല, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഒ. സദാശിവന്‍, നിഖില്‍, കക്കോടി ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാഹിദ്, നിര്‍മ്മല്‍ എന്നിവര്‍ പങ്കെടുത്തു.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഷീബ സ്വാഗതവും കോര്‍പ്പറേഷന്‍ വാര്‍ഡ് 10 ലെ കൗണ്‍സിലര്‍ ഒ. സദാശിവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40748/thelineerozhukum-navakeralam-poonur-river-was-cleaned-by-the-people)