---
title: "തെളിനീരൊഴുകും നവകേരളം മൂന്നാം ഘട്ടം - ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കം "
english_title: "Freshwater Navakeralam Phase III - Commencement of Chelannoor Grama Panchayat Cleanup"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41790/freshwater-navakeralam-phase-iii-commencement-of-chelannoor-grama-panchayat-cleanup"
published_at: "2022-05-10T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279e2209f288_CLEAN3.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം മൂന്നാം ഘട്ടം - ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കം 

> **Lead Summary:** **ചേളന്നൂര്‍** : സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ഭാഗമായി ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കം കുറിച്ചു.

## Article Content

**ചേളന്നൂര്‍** : സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പരിപാടിയുടെ ഭാഗമായി ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കം കുറിച്ചു.

പാലത്ത് അങ്ങാടിയോട് ചേര്‍ന്ന തോട്ടില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.പി. നൗഷീര്‍, പി.കെ. കവിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍. രമേശന്‍, ഷാനി, ചോയിക്കുട്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടി ജോയി കുമാര്‍, എഡിഎം റഫീക്ക്, ഹരിത കേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ജൈവ വൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ മഞ്ജു, എച്ച്‌ഐ സജിരേഖ്, എസ്എന്‍ കോളേജ് അധ്യാപകരായ ജിധേഷ്, ബിന്ദു, എകെകെആര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

6.3 കി.മി. വരുന്ന ഇരുമ്പോക്ക് തോട് 6 റീച്ചുകളായി 8 വാര്‍ഡുകളില്‍ ഉദ്ഘാടനവും ശുചീകരണവും തുടങ്ങി. കാട് വെട്ടുകയും, മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും അടങ്ങിയ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അര്‍ബന്‍ അഗ്ലോമറേഷന്‍ ഫണ്ട് ഉപയോഗപ്പെടുത്തി തോടിനു ഭിത്തി കെട്ടി സംരക്ഷണം ചെയ്യാനും തീരുമാനമായി. കക്കോടി പഞ്ചായത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചെലപ്രം തോടിലേക്കും തുടര്‍ന്ന് അങ്കലാപ്പുഴയിലേക്ക് എത്തുന്ന തോടിന്റെ ഭാഗത്ത് വലിയ രീതിയില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞിരിക്കുന്നത് കാണാനായി.

കാട് വെട്ടി മാലിന്യങ്ങള്‍ നീക്കുകയും ചെയ്യുന്ന പ്രവൃത്തി വളരെ ദുഷ്‌കരമാണെങ്കിലും പ്രത്യേക ടീമിനെ നിയോഗപ്പെടുത്തിയിട്ടുണ്ട്.

ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജെസ്‌ലിന്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ചേളന്നൂര്‍ എസ്എന്‍ജി കോളേജിലെയും എകെകെആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും 50 ലധികം വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിതകര്‍മ്മ സേനാംഗങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും വലിയ പങ്കാളിത്തമാണ് പ്രവര്‍ത്തനത്തില്‍ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41790/freshwater-navakeralam-phase-iii-commencement-of-chelannoor-grama-panchayat-cleanup)