---
title: "ഓമശ്ശേരിയില്‍ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ് ; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു "
english_title: "Extensive raids on hotels in Omassery closed two hotels"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41820/extensive-raids-on-hotels-in-omassery-closed-two-hotels"
published_at: "2022-05-10T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279feb5cd705_FOOD2.JPG"
keywords: []
---

# ഓമശ്ശേരിയില്‍ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ് ; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു 

> **Lead Summary:** **ഓമശ്ശേരി** : ഭക്ഷ്യവിഷബാധ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡില്‍ ഗുരുതര വീഴ്ച്ചകണ്ടെത്തിയ 2 ഹോട്ടലുകള്‍ അടപ്പിച്ചു.

## Article Content

**ഓമശ്ശേരി** : ഭക്ഷ്യവിഷബാധ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡില്‍ ഗുരുതര വീഴ്ച്ചകണ്ടെത്തിയ 2 ഹോട്ടലുകള്‍ അടപ്പിച്ചു.

ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവര്‍ത്തിച്ച ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലുകളാണ് അടപ്പിച്ചത്.

പഴകിയ പൊറോട്ടയും ഈച്ചകള്‍ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും, പഴകിയ മാംസവും കണ്ടെത്തി വില്‍പ്പന തടഞ്ഞു.

ദുര്‍ഗ്ഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ അധികവും സൂക്ഷിച്ചിരുന്നത്. ശാസ്ത്രീയമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഇല്ലാതെ മലിനജലം വഴിയിലേക്കാണ് ഒഴുക്കിവിടുന്നത്.

അടുക്കളയും പരിസരവും വൃത്തിഹീനമാണ്. ഈ സാഹചര്യത്തില്‍ 17,000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടന്നത്.

നിരവധി സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതം നടപടികള്‍ കൈക്കൊള്ളും.

മത്സ്യ കടകള്‍, ഇറച്ചി കടകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ബേങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം പരിശോധന നടത്തുകയുണ്ടായി.

വരും ദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷണ-പാനീയ സുരക്ഷാ കാര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി. ഗണേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഒ. മഞ്ജുഷ, ടി. സജീര്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ അരുണ്‍ ഹരിദാസ്, സി. സൂര്യ എന്നിവര്‍ നേതൃത്വം നല്‍കി.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാംവിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഓമശ്ശേരി ലോക്കല്‍ പബ്‌ളിക്ക് ഹെല്‍ത്ത് അതോറിറ്റിയും മെഡിക്കല്‍ ഓഫീസറുമായ ഡോ: ബി. സായ്‌നാഥ് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41820/extensive-raids-on-hotels-in-omassery-closed-two-hotels)