---
title: "എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന് കൊടിയത്തൂരില്‍ തുടക്കമായി "
english_title: "My career started my pride campaign in Kodiyathoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/41947/my-career-started-my-pride-campaign-in-kodiyathoor"
published_at: "2022-05-10T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7a92579f6_kk.jpg"
keywords: []
---

# എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന് കൊടിയത്തൂരില്‍ തുടക്കമായി 

> **Lead Summary:** **കൊടിയത്തൂര്‍ : **കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായുള്ള എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 

## Article Content

**കൊടിയത്തൂര്‍ : **കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായുള്ള എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 

നേരത്തെ പഞ്ചായത്ത് തല യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട 65 ഓളം വളണ്ടിയര്‍മാര്‍ക്ക് കില ഫാക്കല്‍റ്റി ടി.പി അബ്ദുല്‍ അസീസ്, സിഡിഎസ് അര്‍.പി സിന്ധു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആബിദ, പഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് അജ്‌നാസ്, ഫസറു റാഷിദ് എന്നവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ഫസല്‍ കൊടിയത്തൂര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആബിദ ഷാഹുല്‍, എന്യൂമറേറ്റര്‍മാരായ ജിസ്മിത, ജിഷ, മറിയംകുട്ടി കണക്കഞ്ചേരി, ഫൗസിയ അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായി പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന ക്യാമ്പയിന്‍ മെയ് 15 വരെ തുടരും.

തദ്ദേശ സ്ഥാപനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/41947/my-career-started-my-pride-campaign-in-kodiyathoor)