---
title: "ജംഷിദിന്റെ ദുരൂഹ മരണം; സുഹൃത്തുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധം"
english_title: "Mysterious death of Jamshid; The statements of friends are contradictory"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42569/mysterious-death-of-jamshid-the-statements-of-friends-are-contradictory"
published_at: "2022-05-13T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e3a6a8ec55_DEAD11.jpg"
keywords: []
---

# ജംഷിദിന്റെ ദുരൂഹ മരണം; സുഹൃത്തുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധം

> **Lead Summary:** **കൂരാച്ചുണ്ട് **: മാണ്ഡ്യയില്‍ കൂരാച്ചുണ്ട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും ദുരൂഹതയുണ്ടെന്നും കുടുംബം.

## Article Content

**കൂരാച്ചുണ്ട് **: മാണ്ഡ്യയില്‍ കൂരാച്ചുണ്ട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും ദുരൂഹതയുണ്ടെന്നും കുടുംബം.

പേരാമ്പ്ര കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദിന്റെ (25) മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മാണ്ഡ്യയിലെ മദ്ദൂര്‍ റെയില്‍വേസ്റ്റേഷനുസമീപം റെയില്‍പ്പാളത്തില്‍ ജംഷിദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒന്നരമാസംമുമ്പ് ഒമാനില്‍ നിന്ന് അവധിക്കു വന്ന ജംഷിദ് സുഹൃത്തുക്കളായ റിയാസ്, ഫെബിന്‍ എന്നിവര്‍ക്കൊപ്പം ശനിയാഴ്ച രാത്രിയാണ് ബെംഗളൂരുവിലേക്ക് പോയത്.

ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് പോകുന്നതിനിടെ ഉറങ്ങാനായി മദ്ദൂര്‍ റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയതായും ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കാണാനുണ്ടായിരുന്നില്ലെന്നും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍പ്പാളത്തില്‍ മൃതദേഹം കണ്ടതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഈ വിശദീകരണം തൃപ്തികരമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും ജംഷിദിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

''സുഹൃത്തുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. ഞായറാഴ്ച ബെംഗളൂരുവിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും ജംഷിദിന്റെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല.

മറ്റൊരു നമ്പറില്‍നിന്ന് വിളിച്ച് തന്റെ ഫോണ്‍ നഷ്ടപ്പെട്ടുപോയെന്നാണ് ജംഷിദ് പറഞ്ഞത്. ജംഷിദ് തന്നെ ഫോണ്‍ നശിപ്പിച്ച് തങ്ങളുടെ അടുത്തുനിന്ന് ഇറങ്ങിപ്പോയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ട്.

അടുത്ത ആഴ്ച ഒമാനിലേക്ക് തിരികെ പോകാനിരുന്നതാണ് ജംഷിദ്. ഇവിടെനിന്ന് ഒരു പ്രശ്‌നവുമില്ലാതെ പോയ മകന് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും സമഗ്രമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും മുഹമ്മദ് പറഞ്ഞു. ജംഷിദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കൂരാച്ചുണ്ട് അത്യോടി മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ് സൗദ. സഹോദരി മുഹ്സിന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42569/mysterious-death-of-jamshid-the-statements-of-friends-are-contradictory)