---
title: "അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും റെഡ് അലെര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ റെവന്യൂ വകുപ്പില്‍ നിന്നും പ്രത്യേക നിര്‍ദേശങ്ങള്‍"
english_title: "Special instructions from the Revenue Department in the wake of the Extreme Rain Warning and Red Alert"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/42927/special-instructions-from-the-revenue-department-in-the-wake-of-the-extreme-rain-warning-and-red-alert"
published_at: "2022-05-15T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280dbe7050b9_00000000  NEW CARD copy.JPG"
keywords: []
---

# അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും റെഡ് അലെര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ റെവന്യൂ വകുപ്പില്‍ നിന്നും പ്രത്യേക നിര്‍ദേശങ്ങള്‍

> **Lead Summary:** ** ബാലുശ്ശേരി:** കേരളത്തില്‍ അടുത്ത 5 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ പുറപ്പെടുവിപ്പിച്ചു.

## Article Content

** ബാലുശ്ശേരി:** കേരളത്തില്‍ അടുത്ത 5 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ പുറപ്പെടുവിപ്പിച്ചു.

കേരളത്തിലെ മുഴുവന്‍ താലൂക്കുകളിലും അടിയന്തരമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കേണ്ടതാണ്. അവ കാര്യക്ഷമമായി പ്രവര്‍ത്തിന്നുണ്ടെന്ന് ഉറപ്പാക്കണം.

ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥന് ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നല്‍കണം. ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

ക്യാമ്പുകള്‍ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍ ശേഖരിച്ച് വെക്കേണ്ടതാണ്. അവധി ദിവസങ്ങള്‍ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ സ്റ്റേഷന്‍ പരിധി വിട്ട് പോകാന്‍ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

മുന്‍കാലങ്ങളില്‍ വെള്ളം കയറിയ വീടുകള്‍, നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തില്‍ മുന്‍കൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിക്കുകയും റെഡ് അലെര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന ജില്ലകളില്‍ ഏറ്റവും അപകട സാധ്യതയുള്ള ആളുകളെ രാത്രിക്ക് മുന്നേ തന്നെ മുന്‍കൂറായി നിര്‍ബന്ധമായും മാറ്റിയിരിക്കണം.

തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങള്‍ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/42927/special-instructions-from-the-revenue-department-in-the-wake-of-the-extreme-rain-warning-and-red-alert)