കൈതപ്പൊയില്‍ : കിഫ്ബി പ്രവൃത്തിയായ കൈതപ്പൊയില്‍ - അഗസ്ത്യന്മുഴി റോഡ് അടിയന്തിര പ്രവൃത്തികള്‍ ആരംഭിച്ചു.
കണ്ണോത്ത്, കോടഞ്ചേരി-തമ്പലമണ്ണ ഭാഗങ്ങളില്‍ യാത്ര ദുഷ്കരമായ ഇടങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
നേരത്തെ കരാര്‍ കമ്പനിയായ നാഥ് കണ്‍സ്ട്രക്ഷന്‍സിനെ പ്രവൃത്തിയില്‍ പുരോഗതിയില്ലാത്തതിനാല്‍ കരാറില്‍ നിന്ന് ടെര്‍മിനേറ്റ് ചെയ്തിരുന്നു.
ഇവരുടെ ബാലന്‍സ് വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ച് ടെന്‍ഡര്‍ ചെയ്ത് പുതിയ കരാറുകാരനെ കണ്ടെത്തി പ്രവൃത്തി ആരംഭിക്കേണ്ടതുണ്ട്, ഇതിന് കാലതാമസം നേരിടും.
എന്നാല്‍ അഗസ്ത്യന്മുഴി പാലത്തിന് സമീപം, കണ്ണോത്ത് അങ്ങാടിക്ക് സമീപം, കോടഞ്ചേരി-തമ്പലമണ്ണ തുടങ്ങിയ ഭാഗങ്ങള്‍ യാത്രക്ക് കഴിയാത്ത വിധം ശോചനീയമായതിനാല്‍ അത് പരിഹരിക്കുകയും വേണം.
അതുകൊണ്ട് ഇവിടങ്ങളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് 1.45 കോടി രൂപയുടെ അടിയന്തിര പ്രവൃത്തിക്ക് നിര്‍ദേശിച്ചു.
എന്നാല്‍ കാലവര്‍ഷം അടുത്ത സാഹചര്യത്തിലും പ്രസ്തുത വര്‍ക്ക് ആരംഭിക്കുന്നതിന് പ്രൊസസിംഗ് കാലതാമസം വരുമെന്നതിനാലും റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് 1.45 കോടിയില്‍ നിന്ന് 15 ലക്ഷം ക്വട്ടേഷന്‍ വര്‍ക്കായി ചെയ്യുന്നതിന് തീരുമാനിച്ചു.
ഈ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മേല്‍ പ്രവൃത്തി സാങ്കേതികാനുമതിക്ക് ശേഷം ടെന്‍ഡര്‍ ചെയ്ത് ആരംഭിക്കും. അതിന് മുന്‍പായി തന്നെ റോഡ് ഗതാഗതയോഗ്യമാക്കും.
ഇതേ കരാര്‍ കമ്പനി, കരാര്‍ എറ്റെടുത്ത് പ്രവൃത്തി നിശ്ചലമാക്കിയ ഈങ്ങാപ്പുഴ -കണ്ണോത്ത് റോഡ് പ്രവൃത്തിയില്‍ നിന്നും കമ്പനിയെ ടെര്‍മിനേറ്റ് ചെയ്തിട്ടുണ്ട്.
ഈ പ്രവൃത്തിയുടെ റീ -എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ ചെയ്ത് പൂര്‍ത്തിയാക്കും. നാഥ് കണ്‍സ്ട്രക്ഷന്‍സിന് നമ്മുടെ മണ്ഡലത്തില്‍ 4 പ്രവൃത്തികളാണ് ഉണ്ടായിരുന്നത്.
പുല്ലാഞ്ഞിമേട് ദേശീയപാത പ്രവൃത്തി, ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ്, കൈതപ്പൊയില്‍-അഗസ്ത്യന്മുഴി റോഡ്, നോര്‍ത്ത് കാരശ്ശേരി -കക്കാടംപൊയില്‍ റോഡ്.
ഈ പ്രവൃത്തികളില്‍ നിന്നെല്ലാം കരാര്‍ കമ്പനിയെ പുറത്താക്കുകയാണ്. പ്രവൃത്തികളില്‍ വീഴ്ച വരുത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയില്ല എന്ന നിലപാടിന്റെ ഭാഗമായാണിത്.
നേരത്തെ തന്നെ ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും കളക്ടറുടെയുമെല്ലാം പങ്കാളിത്തത്തോടെ നടന്ന യോഗങ്ങളില്‍ തീരുമാനമായിരുന്നു.
എന്നാല്‍ ടെര്‍മിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
Emergency work on Kaithapoyil-Agasthyanmuzhi road has started