ബാലുശ്ശേരി: ജില്ലയിലെ സിറ്റിഗ്യാസ് പദ്ധതിയുടെ പ്രധാന വിതരണകേന്ദ്രമായ ഉണ്ണികുളത്തെ ഗേറ്റ് സ്റ്റേഷനില്‍ പ്രകൃതിവാതകമെത്തി. ഗെയിലിന്റെ കൊച്ചി മംഗളൂരു പ്രധാന പൈപ്പിലൂടെയാണ് ഇവിടേക്കുള്ള വിതരണം നടന്നത്.
ഒന്നാംഘട്ടത്തിന്റെ ഭാഗമായുള്ള 25 കിലോമീറ്റര്‍ സ്റ്റീല്‍ പൈപ്പ്ലൈന്‍ പദ്ധതി ഉണ്ണികുളം മുതല്‍ കുന്നമംഗലം വരെ പ്രവൃത്തി പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു.
ഉണ്ണികുളം പഞ്ചായത്തില്‍ പണി പുരോഗമിക്കുന്ന സിറ്റിഗേറ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള പ്രകൃതിവാതകം നിറയ്ക്കുന്ന സ്റ്റേഷനുപുറമെ എസ്റ്റേറ്റ് മുക്കിലെ എസ്ആര്‍എസ് ലുലു, പൂനൂരിലുള്ള വളപ്പില്‍ പെട്രോളിയം, കൊടുവള്ളി കിംസ് ആശുപത്രിക്ക് എതിര്‍ഭാഗം എന്നീ സ്റ്റേഷനുകളും ടാങ്കറുകളിലേക്ക് ഇന്ധനം നിറയ്ക്കാന്‍ പറ്റുന്ന മദര്‍ സ്റ്റേഷനുകളാണ്.
സിറ്റിഗേറ്റ് സ്റ്റേഷനും മദര്‍ സ്റ്റേഷനുകളും പൂര്‍ത്തീകരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ നാച്വറല്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളിലേക്ക് ആവശ്യമായവ പൂര്‍ണമായും കോഴിക്കോട്ടുനിന്ന് നിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കോഴിക്കോട്ടെ ഇന്ധനക്ഷാമത്തിന് പൂര്‍ണപരിഹാരമാകും.
ഇപ്പോള്‍ പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കറുകളില്‍ ഇന്ധനം നിറയ്ക്കുന്നത്. നിലവില്‍ കമീഷന്‍ ചെയ്ത 10 സിഎന്‍ജി സ്റ്റേഷനില്‍ എട്ടെണ്ണം വഴി വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നുണ്ട്.
ഉടന്‍ വിതരണം തുടങ്ങാവുന്ന രീതിയില്‍ രണ്ട് സ്റ്റേഷനുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. മറ്റ് പത്തോളം സ്റ്റേഷനുകളിലും പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 48 കിലോമീറ്റര്‍ സ്റ്റീല്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ചത് കോവൂര്‍- വെള്ളിമാട്കുന്ന് റോഡിലൂടെയും പാവങ്ങാട് നടക്കാവ് റോഡിലൂടെയുമാണ്. വീടുകളിലേക്ക് പാചകവാതകം എത്തിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
2023 ഒക്ടോബറോടെ പൂര്‍ണമായും കമീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഗേറ്റ് സ്റ്റേഷനില്‍ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ കമീഷന്‍ചെയ്തു.
വൈസ് പ്രസിഡന്റ് നിജില്‍ രാജ് അധ്യക്ഷനായി. കൊച്ചി ഗെയില്‍ ജനറല്‍ മാനേജര്‍ എം ബിജു, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ രാജീവ്, അദാനി ഗ്യാസ് പ്രതിനിധി ബിനൂജ് എന്നിവര്‍ പങ്കെടുത്തു.
Natural gas has arrived at Unnikulam gate station