പേരാമ്പ്ര: കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 755.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്. സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ ജലം തുറന്നുവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
തിരുവളളൂര്‍, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നീ 17 പഞ്ചായത്തുകളെ/ വില്ലേജുകളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
Alert for those living on the banks of the Kuttyadi river