---
title: "മുട്ട ഗ്രാമം പദ്ധതിയുമായി അത്തോളി ഗ്രാമപഞ്ചായത്ത് "
english_title: "Atholi Grama Panchayat started egg village project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/6565/atholi-grama-panchayat-started-egg-village-project"
published_at: "2021-10-22T13:04:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/617269bdc2592_WATERMARK.JPG"
keywords: []
---

# മുട്ട ഗ്രാമം പദ്ധതിയുമായി അത്തോളി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്തില്‍ കോഴിമുട്ടയുടെയും ഇറച്ചിക്കോഴിയുടെയും സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരയ്ക്കല്‍ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി**: അത്തോളി ഗ്രാമപഞ്ചായത്തില്‍ കോഴിമുട്ടയുടെയും ഇറച്ചിക്കോഴിയുടെയും സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരയ്ക്കല്‍ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിന്ദു രാജന്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ.എം. സരിത, പഞ്ചായത്ത് അംഗങ്ങളായ സി.കെ. റിജേഷ്, വാസവന്‍ പൊയിലില്‍, ശാന്തി മാവീട്ടില്‍, വെറ്റിനറി ഡോ. നസീമ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 400 ബിപിഎല്‍ കുടുംബങ്ങളാണ് മുട്ടക്കോഴി വിതരണ പദ്ധതിയില്‍ അര്‍ഹത നേടിയത്. ആദ്യഘട്ടത്തില്‍ 200 പേര്‍ക്കാണ് മൃഗാശുപത്രിയില്‍ വെച്ച് മുട്ടക്കോഴി വിതരണം നടത്തിയത്.

അപേക്ഷകരില്‍ നിന്നും വാര്‍ഡ് തലത്തില്‍ പരിശോധന നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള കോഴികളെയാണ് അപേക്ഷകര്‍ക്ക് നല്‍കുന്നത്. ഒരാള്‍ക്ക് ഒരു പൂവനും നാലു പിടക്കോഴിയും അടക്കം അഞ്ച് കോഴികളെയാണ് വിതരണം ചെയ്യുന്നത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താന്‍ സൗജന്യമായാണ് മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/6565/atholi-grama-panchayat-started-egg-village-project)