ചരിത്രത്തില്‍ ബാലുശ്ശേരി

ചരിത്രത്തില്‍ ബാലുശ്ശേരി
Oct 1, 2021 02:58 PM | By Balussery Editor

 ബാലുശ്ശേരി : കോഴിക്കോട് നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് ബാലുശ്ശേരി.

ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായാണ് ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേര്‍ത്തു പറയുന്നത്. ബാലി തപസ്സിനായി തിരഞ്ഞെടുത്ത സ്ഥലമാണ് ഇതെന്നും അതിനാലാണ് ഇവിടം ബാലിശ്ശേരിയായി മാറിയത് എന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതു കൊണ്ട് തന്നെ ഈ സ്ഥലനാമം പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നു.

രാജഭരണത്തിന്റെ മാത്രമല്ല, സ്വാതന്ത്ര്യസമരത്തിന്റെയും നക്‌സല്‍ പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയുമെല്ലാം സമരസ്മരണകളുണ്ട് ബാലുശ്ശേരിയില്‍. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളില്‍ പരിവര്‍ത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികള്‍ ബാലുശ്ശേരിയിലും കടന്നുവന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ സൃഷ്ടിക്കാന്‍ ബാലുശ്ശേരിയ്ക്ക് സാധിച്ചിട്ടുണ്ട്.

കേരള ഗാന്ധി കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തില്‍ ബാലുശ്ശേരിയിലെ സാമൂഹികപ്രവര്‍ത്തകരും അണിനിരന്നിരുന്നു. ഇത് ബാലുശ്ശേരിയുടെ ചരിത്രത്തിലെ സുവര്‍ണ്ണ താളുകളിലൊന്നാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ കത്തിച്ച നടുവണ്ണൂര്‍ റജിസ്റ്റര്‍ ഓഫീസ്, നക്‌സലുകള്‍ ആക്രമിച്ച കായണ്ണ പൊലീസ് സ്റ്റേഷന്‍, അടിയന്തരാവസ്ഥക്കാലത്ത് കുപ്രസിദ്ധിയാര്‍ജിച്ച കക്കയം പൊലീസ് ക്യാംപ് എന്നിവയെല്ലാം ബാലുശ്ശേരിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു. കിനാലൂരിലെ വ്യവസായ പാര്‍ക്കും, ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സും, കക്കയത്തെയും വയലടയിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളും പുതിയ പ്രതീക്ഷയിലേക്ക് ബാലുശ്ശേരിയെ നയിക്കുന്നതിനോടൊപ്പം ടൂറിസം മാപ്പില്‍ ബാലുശ്ശേരിയെ അടയാളപ്പെടുത്തുന്നു.

ബാലുശ്ശേരിയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം എടുത്തു പറയേണ്ട ഇടമാണ് ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലൊന്നണിത്. എല്ലാ വര്‍ഷവും ധനുമാസത്തില്‍ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ നടത്തുന്ന പാട്ട് മഹോത്സവമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ബാലുശ്ശേരിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കോഴിക്കോട് ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റുകളിലൊന്നായി പൊതുവെ വിലയിരുത്തപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബാലുശ്ശേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ ഈ കര്‍ഷക മണ്ണിന്റെ ഇടത് ആധിപത്യം ബോധ്യമാകും. എന്നാല്‍ നിരന്തരം വലത്തോട്ട് ചാഞ്ഞുകൊണ്ടിരുന്ന ഒരു പൂര്‍വ ചരിത്രം കൂടെ ബാലുശ്ശേരിക്കുണ്ട്. ഇത്തരത്തില്‍ നിരവധി മേഖലകളിലൂടെ ചരിത്രത്തില്‍ ഇടം നേടാനും ചരിത്രത്തിന്റെ ഭാഗമാക്കാനും ബാലുശ്ശേരി എന്ന കൊച്ചു സുന്ദര ഗ്രാമത്തിന് സാധിച്ചിട്ടുണ്ട്.

histroy of balussry

Next TV

Related Stories
Top Stories