---
title: "മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു"
english_title: "The strike started under the leadership of the joint labor organizations in front of the Mandankaon Beverage warehouse is intensifying "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76889/the-strike-started-under-the-leadership-of-the-joint-labor-organizations-in-front-of-the-mandankaon-beverage-warehouse-is-intensifying"
published_at: "2022-10-27T11:19:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/635a39a78fd56_LLLLLLLLLLLLLLLLLLLLLLLLLLLLLLL.JPG"
keywords: []
---

# മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു.

## Article Content

നടുവണ്ണൂർ:മന്ദങ്കാവ് ബീവ്റേജ് സംഭരണ ശാലയ്ക്കു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു.

നടുവണ്ണൂരിലെ മന്ദങ്കാവിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബീവ്റേജ് കോർപ്പറേഷൻ ഗോഡൗണിൽ ജോലിക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

ഗോഡൗണിന്റെ കവാടത്തിൽ തുടങ്ങിയ അനിശ്ചിത കാല സമരം ആറാം ദിവസത്തിലേക്കു കടന്നു. സി.ഐ.ടി.യുവിൽപ്പെട്ട 16 പേർക്കു മാത്രം ജോലി നൽകിയെന്നാരോപിച്ചാണ് എ.ഐ.ടി.യു.സി,   ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.

ഇപ്പോൾ കേരളത്തിൽ മൂന്നു ഗോഡൗണുകളാണ് പ്രവർത്തനം തുടങ്ങുന്നത്. മൂന്നു വർഷത്തേക്കുള്ള എഗ്രിമെന്റിലാണ് ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്.

നിരവധി പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഉള്ളതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രദേശവാസികൾക്കും മറ്റും പരിഗണന നൽകി ആനുപാതികമായി ലഭിക്കേണ്ട ജോലി അവസരങ്ങൾ നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് സമരക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം പാലക്കാട് പ്രവർത്തിക്കുന്ന മദ്യ ഉല്പാദനശാലയിൽ നിന്നു ലോഡുമായി വന്ന ലോറിയിൽ നിന്നു സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്&nbsp; പൊലീസ് സാന്നിധ്യത്തിൽ ഇറക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം അതി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്ര സമ്മേളനത്തിൽ ചെയർമാൻ സത്യനാഥൻ&nbsp; മേലേടത്ത്, വൈസ് ചെയർമാൻ രേഷ്മാരാജൻ, കൺവീനർ കെ.ടി.കെ.റഷീദ്, ജോയിന്‍റ് കൺവീനർ എ.കെ.ശ്രീജിത്ത് ട്രഷറർ കെ.പി.സത്യൻ, എ.പി.ഷാജി, സുരേന്ദ്രൻ മന്ദങ്കാവ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76889/the-strike-started-under-the-leadership-of-the-joint-labor-organizations-in-front-of-the-mandankaon-beverage-warehouse-is-intensifying)