---
title: "ചമലിനെ ഇരുട്ടില്ലാത്ത ഗ്രാമമാക്കാൻ ‘പ്രകാശഗ്രാമം’ പദ്ധതി "
english_title: "'Prakashgram' project to make Chamal a village without darkness"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/92443/prakashgram-project-to-make-chamal-a-village-without-darkness"
published_at: "2023-01-25T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1612f970cb_light.jpg"
keywords: []
---

# ചമലിനെ ഇരുട്ടില്ലാത്ത ഗ്രാമമാക്കാൻ ‘പ്രകാശഗ്രാമം’ പദ്ധതി 

> **Lead Summary:** **കട്ടിപ്പാറ :** പൊതു നിരത്തുകൾ മുഴുവൻ വെട്ടം പകരുന്ന ‘പ്രകാശഗ്രാമം’ പദ്ധതിക്ക് തുടക്കംകുറിച്ച് കൂട്ടായ്മ. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ചമൽ സാംസ്കാരികവേദിയും പി.കെ. ശ്രീനേഷ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി സമിതിയും ചേർന്നാണ് ജനങ്ങൾ വീടിനു മുന്നിലെ പൊതുവഴികളിൽ രാത്രികാലങ്ങളിൽ ബൾബ് തെളിയിക്കുന്ന ‘പ്രകാശഗ്രാമം’ പദ്ധതിയുമായി രംഗത്തെത്തുന്നത്.

## Article Content

**കട്ടിപ്പാറ :** പൊതു നിരത്തുകൾ മുഴുവൻ വെട്ടം പകരുന്ന ‘പ്രകാശഗ്രാമം’ പദ്ധതിക്ക് തുടക്കംകുറിച്ച് കൂട്ടായ്മ. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ചമൽ സാംസ്കാരികവേദിയും പി.കെ. ശ്രീനേഷ് മെമ്മോറിയൽ പബ്ലിക് ലൈബ്രറി സമിതിയും ചേർന്നാണ് ജനങ്ങൾ വീടിനു മുന്നിലെ പൊതുവഴികളിൽ രാത്രികാലങ്ങളിൽ ബൾബ് തെളിയിക്കുന്ന ‘പ്രകാശഗ്രാമം’ പദ്ധതിയുമായി രംഗത്തെത്തുന്നത്.

ചമൽ കേളൻമൂലയിൽ നാളെ (26-01-2023) വൈകീട്ട് ആറുമണിക്ക്‌ നടക്കുന്ന ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ് പദ്ധതി ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തുടർന്നുസംഘടിപ്പിക്കുന്ന വിളംബരജാഥയ്ക്ക് രാത്രി ഏഴുമണിക്ക്‌ ചമൽ അങ്ങാടിയിൽ സ്വീകരണം നൽകും. ഏഴരയ്ക്ക് ചുണ്ടൻകുഴിയിലാണ് സമാപനസമ്മേളനം. സാംസ്കാരിക വേദിയും ലൈബ്രറി സമിതിയും ചമൽ ഗവ. എൽ.പി. സ്കൂൾ പി.ടി.എ.യുടെ സഹകരണത്തോടെ 26-ന് രാവിലെ ഒമ്പതുമുതൽ റിപ്പബ്ലിക് ദിനാഘോഷപരിപാടികളും തുടർന്ന് പുസ്തകമേളയും സംഘടിപ്പിക്കും.

പുസ്തകമേളയുടെ ഉദ്ഘാടനം രാവിലെ പത്തിന് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് ഷാഹിം ഹാജി നിർവഹിക്കും. മേളയ്ക്കുസമീപം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് പുസ്തകശേഖരണ കൗണ്ടർ പ്രവർത്തനസജ്ജമാക്കും.

12.30-ന് ചമൽ ഗവ. എൽ.പി. സ്കൂളിൽനിന്ന് പ്രയാണമാരംഭിക്കുന്ന പുസ്തകവണ്ടി വിവിധ വാർഡുകളിലെ സ്വീകരണകേന്ദ്രങ്ങളിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങും. പത്രസമ്മേളനത്തിൽ സാംസ്കാരികവേദി സെക്രട്ടറി എം.എ. അബ്ദുൽ ഖാദർ, ലൈബ്രറി പ്രസിഡൻറ് ടി.സി. അമൃത സാഗർ, ഖജാൻജി എം. അബ്ദുസലാം എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/92443/prakashgram-project-to-make-chamal-a-village-without-darkness)