---
title: "ബാലുശ്ശേരിയില്‍ രാജ്യ സേവകര്‍ ഒരുക്കിയ സ്‌നേഹസ്പര്‍ശം റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമായി"
english_title: "In Balussery, Rajya Sevakar's love affair was remarkable on Republic Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/93074/in-balussery-rajya-sevakars-love-affair-was-remarkable-on-republic-day"
published_at: "2023-01-28T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d54fa4e8e67_Untitled-8.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ രാജ്യ സേവകര്‍ ഒരുക്കിയ സ്‌നേഹസ്പര്‍ശം റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമായി

> **Lead Summary:** **ബാലുശ്ശേരി : **രാജ്യ സേവകര്‍ ഒരുക്കിയ സ്‌നേഹസ്പര്‍ശം റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമായി. 74ാംമത് റിപ്പബ്ലിക്ദിന ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍ സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം പരിപാടി വൈവിധ്യം നിറഞ്ഞ വര്‍ണാഭമായ കലാസാംസ്‌കാരിക പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

## Article Content

**ബാലുശ്ശേരി : **രാജ്യ സേവകര്‍ ഒരുക്കിയ സ്‌നേഹസ്പര്‍ശം റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമായി. 74ാംമത് റിപ്പബ്ലിക്ദിന ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍ സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം പരിപാടി വൈവിധ്യം നിറഞ്ഞ വര്‍ണാഭമായ കലാസാംസ്‌കാരിക പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ബാലുശ്ശേരി ടൗണിന്റെ മാറ്റ് കൂട്ടികൊണ്ട് കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയായി നടത്തിയ വിളംബര ജാഥയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം അമ്പതോളം എന്‍സിസി കേഡറ്റുകളുടെ സാനിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തി.

ബാലുശ്ശേരി ഗ്രീന്‍ അറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ കരസേനയുടെ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ (ടി.എ) കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഡി. നവീന്‍ ബെന്‍ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍ പ്രസിഡന്റ് ടി.കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കേരള സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും, പാലോറ ഹയര്‍ സെക്കന്ററി അധ്യാപകനുമായ എസ്. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കേരള സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും, ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ യു.കെ. ഷജില്‍, സിനിമാ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ കാളിദാസന്‍, പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകനായ തങ്കയം ശശി എന്നിവര്‍ സംസാരിച്ചു.

വീരമൃത്യു വരിച്ച സൈനികരുടെ വീരനാരികള്‍ അടങ്ങുന്ന 26 പേരെ ആദരിച്ചതും, നിരാലംബരായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചതും പ്രസ്തുത പരിപാടിയുടെ മുഖ്യ ആകര്‍ഷണവും, കാലിക്കറ്റ് ഡിഫന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ തുടര്‍ച്ചയുമായിരുന്നു.

ചടങ്ങിന്റെ ഭാഗമായി ചെണ്ടമേളം, കളരിപ്പയറ്റ്, അണ്‍ ആര്‍മഡ് കോമ്പാട്ട്, ഫയര്‍ഷോ, തിരുവാതിരക്കളി തുടങ്ങിയ അത്യാകര്‍ഷകങ്ങളായ കലാ സാംസ്‌കാരിക പരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് & കെയര്‍ വൈസ് പ്രസിഡന്റ് സുധീഷ് മൊകവൂര്‍ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സെക്രട്ടറി നിപുണ്‍ കടിയങ്ങാട് സ്വാഗതവും ഹരിദാസന്‍ കൂമുള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/93074/in-balussery-rajya-sevakars-love-affair-was-remarkable-on-republic-day)