---
title: "മലയോര മേഖലകളിൽ കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും പിന്നാലെ കർഷകരുടെ അന്നം മുട്ടിക്കാൻ മയിലുകളും "
english_title: "In the hilly areas, after wild boars and monkeys, peacocks are the mainstay of the farmers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96401/in-the-hilly-areas-after-wild-boars-and-monkeys-peacocks-are-the-mainstay-of-the-farmers"
published_at: "2023-02-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7bfbda1308_Untitled-1.jpg"
keywords: []
---

# മലയോര മേഖലകളിൽ കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും പിന്നാലെ കർഷകരുടെ അന്നം മുട്ടിക്കാൻ മയിലുകളും 

> **Lead Summary:** **ബാലുശ്ശേരി : **മലയോര മേഖലകളിൽ കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും പിന്നാലെ കർഷകരുടെ അന്നം മുട്ടിക്കാൻ മയിലുകളുമെത്തി. കണ്ണിന് കുളിർമയേകുന്ന ഇവ കർഷകർക്ക് ഭീഷണിയാണ്.

## Article Content

**ബാലുശ്ശേരി : **മലയോര മേഖലകളിൽ കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും പിന്നാലെ കർഷകരുടെ അന്നം മുട്ടിക്കാൻ മയിലുകളുമെത്തി. കണ്ണിന് കുളിർമയേകുന്ന ഇവ കർഷകർക്ക് ഭീഷണിയാണ്.

തലയാട്, പടിക്കൽവയൽ, കല്ലുള്ളതോട്, ചീടിക്കുഴി, മങ്കയം, കിനാലൂർ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കർഷകർ മയിലുകളെക്കൊണ്ട് ബുദ്ധിമുട്ടുന്നത്. ചേന, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികളെല്ലാം ഇതിനകം കാട്ടുപന്നികൾ നശിപ്പിച്ചു.

കർഷകർക്ക് പിന്നെ ആകെയുള്ള പ്രതീക്ഷ നാളികേരമായിരുന്നു. അത് കുരങ്ങന്മാരുടെ കൂട്ടത്തോടെയുള്ളവരവു കാരണം ഒന്നും കിട്ടാത്ത അവസ്ഥയായി. ഇപ്പോഴിതാ മയിലിന്റെ വരവോടെ പച്ചക്കറി കൃഷിയും നശിച്ചു തുടങ്ങുന്നു.

പറമ്പിൽ കൃഷി ചെയ്താൽ കാട്ടുപന്നികൾ നശിപ്പിക്കുന്നതിനാൽ പലരും വീടിന്റെ ടെറസിലേയ്ക്ക് കൃഷി മാറ്റിയിരുന്നു. എന്നാൽ വീടുകളുടെ ടെറസിൽ മയിലുകളുടെ വരവോടെ അതിനും കഴിയാതായി.

ചെടികളുടെ തളിരിലകളും വിത്തുകളും മൂത്ത് പാകമായ വാഴക്കുലകളും ഇവ തിന്ന് തീർക്കുന്നു. പച്ചക്കറി കൃഷി ഇറക്കാനുള്ള സീസണായതിനാൽ വയലുകളിലും മറ്റും കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സ്വയം സഹായ സംഘങ്ങൾ ഇപ്പോൾ പച്ചക്കറികൾ നടുന്ന തിരക്കിലാണ്.

ഇവയ്ക്കെല്ലാം ഭീഷണിയായി മാറിയിരിക്കുകയാണ് മയിലുകൾ. മുമ്പൊക്കെ വല്ലപ്പോഴും ഒന്നോ രണ്ടോ മയിലുകളെ എത്താറുണ്ടായിരുന്നുള്ളു. ഇപ്പോൾ കൂട്ടത്തോടെയാണ് എത്തുന്നത്. പല സ്ഥലത്തും ഇവ മനുഷ്യരുമായി ഇണങ്ങിയതും ഏറെ പ്രശ്നം സൃഷ്ടിക്കുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96401/in-the-hilly-areas-after-wild-boars-and-monkeys-peacocks-are-the-mainstay-of-the-farmers)