Featured

ഒറ്റ അടുക്കളയുമായി ഏഴ് കുടുംബങ്ങള്‍

Balussery Special |
Oct 23, 2021 02:35 PM

 ബാലുശ്ശേരി : വിശ്രമമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞ് ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിന്‍ മുകളിലെ വീട്ടമ്മമാര്‍. പ്രദേശത്തെ ഏഴ് കുടുംബങ്ങളിലെ വീട്ടമ്മമാരാണ് ഔദ്യോഗിക ജോലിക്കിടയിലെ ക്ലേശകരമായ അടുക്കള ജോലിയോട് വിടപറഞ്ഞത്. തങ്ങളുടെ സമയം കവര്‍ന്നെടുക്കുന്ന അടുക്കള ജോലി ഔദ്യോഗിക ജോലിക്കിടയില്‍ സ്ത്രീകളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നു.

പുലര്‍ച്ചെ അഞ്ചിന് ഉണരണം, ഭര്‍ത്താവിനും മക്കള്‍ക്കും പ്രഭാത ഭക്ഷണമുണ്ടാക്കണം, പ്രായമായ അച്ഛനും അമ്മയ്ക്കും പ്രഭാതഭക്ഷണവും ഉച്ചയൂണും പാത്രത്തിലാക്കി വയ്ക്കണം, പത്തുമണിക്കു മുമ്പേ ഓഫീസില്‍ എത്താനുള്ള പെടാപ്പാട് തൊഴിലെടുക്കുന്ന മലയാളി വനിതയുടെ ദിനചര്യ ഇങ്ങനെ. ഇവിടെയാണ് വിശ്രമമില്ലാത്ത അടുക്കള ജോലിയോട് ഏഴു കുടുംബം അവധി പറഞ്ഞത്. വിശ്രമമില്ലാത്ത അടുക്കള ജേലിക്ക് പരിഹാരമായാണ് പൊതു അടുക്കള അഥവാ കോമണ്‍ കിച്ചണ്‍ എന്ന ആശയം ഇവര്‍ മുന്നോട്ടുവയ്ക്കുന്നത.്


ഈ ഏഴു കുടുംബത്തിലെ പ്രഭാതഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും ഒരുക്കുന്നത് കൂട്ടത്തിലൊരാളായ തൊടുവന്‍കുഴിയില്‍ ആസ്യയുടെ അടുക്കളയില്‍ നിന്നാണ്. പുലര്‍ച്ചെ അഞ്ചിന് ഉണരുന്ന ആസ്യ 7.30ന് ഭക്ഷണമുണ്ടാക്കി കഴിയും. ഇത് വീടുകളില്‍ എത്തിക്കുന്ന ചുമതലയും ആസ്യക്കുതന്നെ. സ്ത്രീപക്ഷാശയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അടുക്കളകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് ഒരു ചെറുഗ്രാമത്തില്‍ത്തന്നെ 'കോമണ്‍ കിച്ചണ്‍' എന്ന ആശയം നടപ്പാകുന്നത്. സാമൂഹ്യപ്രവര്‍ത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാര്‍വതിയാണ് കോമണ്‍ കിച്ചണ്‍ എന്ന ആശയം മുന്നോട്ടുവച്ചത്്.

പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ. ബിന്‍സി, വടകര എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രക്ടര്‍ ആര്‍.ഡി. പ്രീത, കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക കെ.എം. ഷീന, ഉണ്ണികുളം ഗവ. യുപിയിലെ അധ്യാപിക പി. സിന്ധു, കൊയിലാണ്ടി താലൂക്കാശുപത്രി മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ കെ.പി. ലൗസി, ബ്യൂട്ടീഷ്യന്‍ ഷീജ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ഗിരിജയ്ക്ക് പിന്തുണയുമായി കൂടെ നിന്നതോടെ കോമണ്‍ കിച്ചണ്‍ എന്ന ആശയം പ്രാവര്‍ത്തികമായി.

ഒക്ടോബര്‍ ഒന്നു മുതല്‍ പ്രലര്‍ത്തനമാരമഭിച്ച കോമണ്‍ കിച്ചണ്‍ ഏഴു കുടുംബത്തിലായി 26 പേര്‍ക്കാണ് അടുക്കളയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. ആഴ്ചയിലെ ഏഴു ദിവസവും വ്യത്യസ്തമായ വിഭവമാണ് ഒരുക്കുന്നത്. പരമാവധി നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച് വീട്ടുരുചിയില്‍ത്തന്നെ ഭക്ഷണമൊരുക്കാനാണ് ഇവരുടെ തീരുമാനം. ചെലവ് മാസാവസാനം വീതംവയ്ക്കുന്നതിനൊപ്പം ആസ്യക്ക് പ്രതിഫലവും നല്‍കുന്നു.

അതിരാവിലെ ജോലിക്ക് പോകുന്നവര്‍ക്ക് വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞുവരുമ്പോള്‍ രാവിലത്തെ ഓട്ടത്തിനിടയില്‍ മിക്കപ്പോഴും പ്രഭാതഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. ഇതുകൊണ്ട് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കൂടാതെ വ്യായാമത്തിനോ വായനയ്ക്കോ സമയം കിട്ടാറില്ല. ഇതിനൊരു പരിഹാരമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് കെ.പി. ലൗസി പറയുന്നു.

രാവിലെയും രാത്രിയും നല്ലൊരു സമയം അടുക്കളയിലാകുന്നതിനാല്‍ ഇഷ്ടപ്പെട്ട പുസ്തകം വായിക്കാന്‍ ആഴ്ചകള്‍ എടുക്കുന്നതായി അധ്യാപികയായ ബിന്‍സി പറഞ്ഞു. രാവിലെ പത്രം വായിച്ചശേഷം സ്‌കൂളിലേക്ക് ഇറങ്ങാന്‍ എത്ര അധ്യാപികമാര്‍ക്ക് കഴിയാറുണ്ടെന്നും അവര്‍ ചോദിക്കുന്നു. തന്റെ സര്‍വീസ് കാലത്ത് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്ന് ഇവര്‍ക്ക് മാര്‍ഗനിര്‍ദേശംനല്‍കി കൂടെനില്‍ക്കുന്ന റിട്ട. അധ്യാപിക നാണിക്കുട്ടി പറഞ്ഞു.

common kitchen concept started in balussery

Next TV

Top Stories