വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മാർഗനിർദേശം. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സർക്കാർ ഉത്തരവിറക്കിയത്.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റ്‌മോർട്ടം നടപടികൾ ഉണ്ടാവും.
പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും.
ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കും. പൊലീസ് ഇത്തരം മുതദേഹങ്ങൾ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം.
അടക്കം ചെയ്യുന്ന രീതിയിൽ മാത്രമേ മൃതദേഹങ്ങൾ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ 72 മണിക്കൂറിനകം സംസ്‌കരിക്കണംമെന്നും നിർദേശം.
സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങൾ, അവകാശത്തർക്കങ്ങളുള്ള മൃതദേഹങ്ങൾ, ശരീര ഭാഗങ്ങൾ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാർഗ്ഗ നിർദേശങ്ങൾ ബാധകമാണ്.
കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലുമാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
MUNDAKKAI TRAGEDY Guidelines for disposal of unidentified dead bodies