മലപ്പുറം : ചാലിയാർ പുഴയിൽനിന്ന് ഇന്ന് 12 മൃതദേഹം കണ്ടെത്തി. 3 മൃതദേഹവും 9 ശരീരഭാഗങ്ങളും ഉൾപ്പെടെയാണിത്.
ഇതോടെ ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 201ആയി ഉയർന്നു. ഇതിൽ 73 മൃതദേഹങ്ങളും 128 ശരീരഭാഗങ്ങളും ഉൾപ്പെടും.
പനങ്കയ പാലത്തിന് സമീപത്തുനിന്നാണ് ഏറ്റവുമൊടുവിൽ മൃതദേഹം കണ്ടെത്തിയത്. ഇവിടെനിന്നും ലഭിക്കുന്ന മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിലേക്ക് എത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരിച്ചറിയുന്നവ ബന്ധുക്കൾക്ക് വിട്ടുനൽകും.
മച്ചികൈ, ഇരുട്ടുകുത്തി, അംബുട്ടാൻ പെട്ടി, തൊടി മുട്ടി, നീർപ്പുഴ, മുക്കം ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിലാണ് വീണ്ടും മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാറിന്റെ സമീപത്തുള്ള ഉൾവനങ്ങളിൽ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്നുമുതൽ സൈന്യം മാത്രമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ രക്ഷാപ്രവർത്തകർ ഉൾവനത്തിൽ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്താണ് മേഖലയിൽ സന്നദ്ധപ്രവർത്തകർക്കും പ്രദേശവാസികൾക്കും നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.
ഇനി ഇവരുടെ സേവനം ചാലിയാറിന്റെ താഴെയുള്ള പ്രദേശങ്ങളിൽ ലഭ്യമാക്കും. ഇവിടെനിന്ന് അവസാനത്തെ മൃതദേഹവും കണ്ടെത്തിയതിനു ശേഷം മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ചതിനുശേഷം മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു.
Wayanad Tragedy; 12 dead bodies were found in Chaliyar river today