നന്മണ്ട : ഗൃഹപ്രവേശന ചടങ്ങി നോടൊപ്പം വേറിട്ട മാതൃക തീർത്ത് ദമ്പതികൾ ശ്രദ്ധേയരായി.
കുതിരുമ്മൽ ബാലകൃഷ്ണൻ മാളു ദമ്പതികളാണ് മീത്തലെ നെടുമ്പാലയിൽ പുതുതായി നിർമ്മിച്ച വീടിൻ്റെ താമസ ചടങ്ങിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തിയത്.
സൗഹൃദ സൽക്കാരത്തിന്റെ ഭാഗമായാണ് പ്രമേഹം, ബ്ലഡ് പ്രഷർ എന്നിവയുടെ പരിശോധനയും, രോഗനിർണയും നടത്താനുള്ള സൗകര്യം ഒരുക്കിയത്. പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമാണ് കെ.എസ്.എഫ്.ഇ.യിൽ നിന്ന് വിരമിച്ച ബാലകൃഷ്ണൻ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഭാര്യ മാളു ഒപ്പം തന്നെയുണ്ട്.
സി.പി.എം. പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. വീടിൻ്റെ താമസ ചടങ്ങിനോടൊപ്പം ജീവിതശൈലി രോഗനിർണയം നടത്തിയത് നാട്ടുകാർക്കും ഏറെ പുതുമയാർന്ന ഒന്നായിരുന്നു.
നിരവധി ആളുകൾ രോഗനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. സിസ്റ്റർമാരായ സിബി കൂളിപ്പൊയിൽ, സരിത ചെറിയാറമ്പത്ത് എന്നിവർ രോഗനിർണയ ക്യാമ്പിന് നേതൃത്വം നൽകി.
Couples complete a separate pattern with the housewarming ceremony