---
title: "ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ് ,നന്മണ്ട സ്വദേശിയ്ക്ക് നഷ്ടമായത് രണ്ടുലക്ഷത്തിലധികം രൂപ "
english_title: "Nanmanda resident lost more than two lakh rupees due to fraud through Telegram app"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197330/nanmanda-resident-lost-more-than-two-lakh-rupees-due-to-fraud-through-telegram-app"
published_at: "2024-04-07T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66125cb41b1fe_ATTACH_NEWS.jpg"
keywords: []
---

# ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ് ,നന്മണ്ട സ്വദേശിയ്ക്ക് നഷ്ടമായത് രണ്ടുലക്ഷത്തിലധികം രൂപ 

> **Lead Summary:** ബാലുശ്ശേരി: :ടെലിഗ്രാം ആപ്പ് വഴിയുള്ള തട്ടിപ്പില്‍ കുടുങ്ങി നന്മണ്ട ചീക്കിലോട് സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടുലക്ഷത്തിലധികം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതി കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ചീക്കിലോട് സ്വദേശി പ്രവീണ്‍കുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി. ജിന്‍ഷയാണ് പരാതിക്കാരി.

## Article Content

ബാലുശ്ശേരി: :ടെലിഗ്രാം ആപ്പ് വഴിയുള്ള തട്ടിപ്പില്‍ കുടുങ്ങി നന്മണ്ട ചീക്കിലോട് സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടുലക്ഷത്തിലധികം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതി കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ചീക്കിലോട് സ്വദേശി പ്രവീണ്‍കുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി. ജിന്‍ഷയാണ് പരാതിക്കാരി.

കഴിഞ്ഞമാസം മൂന്നിന് നൈറ്റ് ഹോക്ക് സിനിമ എന്ന ടെലിഗ്രാം അക്കൗണ്ട് പ്ലാറ്റ്‌ഫോമിലൂടെ വര്‍ക്ക് അറ്റ് ഹോം ജോലി നല്‍കിയാണ് കബളിപ്പിക്കല്‍ തുടങ്ങിയത്. ആദ്യംതന്നെ യുവതിക്ക് ഒരു ടാസ്‌ക് നല്‍കി. ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന് പിന്നീട് അറിയിച്ചു. ഇതിന്റെ ലാഭവിഹിതമായി 1077 രൂപ ജിന്‍ഷയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് രണ്ടാമതും ടാസ്‌ക് കൊടുത്തു. ഒപ്പംതന്നെ 11,000 രൂപ അയക്കാനും പറഞ്ഞു. പണം അടച്ച അതേദിവസംതന്നെ ജിന്‍ഷയുടെ അക്കൗണ്ടിലേക്ക് 18,000 രൂപ അവര്‍ തിരിച്ചയച്ചു.

അടുത്തദിവസം വീണ്ടും 11,000 രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. അയച്ചശേഷം മറുപടി വന്നത് ഇനി ലാഭവിഹിതം കിട്ടണമെങ്കില്‍ 26,351 രൂപകൂടി അയക്കണമെന്നായിരുന്നു. പറഞ്ഞ തുക ജിന്‍ഷ അയക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മെസേജ് വന്നു. ടെക്‌നിക്കല്‍ ഇറര്‍ ആണെന്നും 50,000 രൂപകൂടി അയക്കണമെന്നും പറഞ്ഞു. അടച്ച തുകയും ലാഭവിഹിതവും കിട്ടാന്‍ വീണ്ടും 50,000 രൂപകൂടി അയക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ പലതവണയായി മാര്‍ച്ച് 31-നും ഏപ്രില്‍ അഞ്ചിനുമിടയില്‍ ഇവര്‍ക്ക് നഷ്ടമായത് 2,44,364 രൂപയാണ്.

ഓരോ തവണയും വ്യത്യസ്ത അക്കൗണ്ടുകള്‍വഴിയാണ് പണം അയച്ചത്. താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197330/nanmanda-resident-lost-more-than-two-lakh-rupees-due-to-fraud-through-telegram-app)