ബാലുശ്ശേരി : ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കടയ്ക്കല്‍ പാണമ്പറിലെ ആര്യയുടെ ചെറിയ സ്വപ്നങ്ങള്‍ നിറവേറ്റി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്.
ആര്യയുടെ വീടിന്റെ ദയനീയാവസ്ഥ വാര്‍ത്തകളിലൂടെ അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് ഏതാനും ദിവസം മുന്‍പ് വീട്ടിലെത്തുകയായിരുന്നു.
പുസ്തകങ്ങള്‍ മഴ നനയാതെ സൂക്ഷിക്കാന്‍ അലമാര, കൂടാതെ ബെഡും ഫാനും വീടിന്റെ ചോര്‍ച്ച താത്കാലികമായി അവസാനിപ്പിക്കാന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ വിരിക്കാന്‍ ടാര്‍പ്പോളിന്‍ ഷീറ്റും വാങ്ങി നല്‍കിയാണ് സന്തോഷ് ആര്യയുടെ കുടുംബത്തിന് താങ്ങായത്. ബാഗും സമ്മാനിച്ചു.
മനസില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ആര്യ അതൊന്നും പറയാന്‍ തയ്യാറായില്ല. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് നിര്‍ബന്ധിച്ചതോടെയാണ് തന്റെ ചെറിയ ആവശ്യങ്ങളില്‍ ചിലത് മാത്രം ആര്യ പറഞ്ഞത്.
മഴ ചെറുതായൊന്ന് പെയ്താല്‍ തന്നെ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീട്. നനഞ്ഞുകുതിര്‍ന്ന പുസ്തത്താളുകള്‍ നിവര്‍ത്തി പഠിച്ചാണ് ആര്യ മിന്നും വിജയം നേടിയത്. തട്ടുപണിക്കാരനായ അച്ഛന്‍ സുനില്‍കുമാര്‍ ഒന്നര വര്‍ഷം മുന്‍പ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു.
രോഗിയായ അമ്മ അജിതകുമാരി മാത്രമായിരുന്നു തണല്‍. അജിതകുമാരി തൊട്ടടുത്ത കടയില്‍ ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും കിട്ടുന്ന കൂലി ചികിത്സയ്ക്ക് പോലും തികയുമായിരുന്നില്ല.
അടുത്തിടെ രോഗം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയായ അജിതകുമാരിക്ക് ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയുന്നില്ല.
ആര്യയുടെ സങ്കടങ്ങളറിയാവുന്ന അദ്ധ്യാപകര്‍ അവള്‍ക്ക് വലിയ പിന്തുണ നല്‍കി. ട്യൂഷന്‍ സെന്ററില്‍ അവളെ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. വിധിയോട് തോല്‍ക്കാതിരിക്കാന്‍ ആര്യയും വാശിയോടെ പഠിച്ചാണ് മിന്നും വിജയം കരസ്ഥമാക്കിയത്.
Santosh Pandit supports Arya who studied in a leaky house and got full A plus