ബാലുശ്ശേരി : മാളിക്കടവിലെഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.
ജൂൺ മൂന്നാം തീയതി ഉടമകൾ സമരം പ്രഖ്യാപിച്ചപ്പോൾ ജില്ലാ ഭരണകൂടവുമായി നടന്ന ചർച്ചയിൽ ജൂൺ അഞ്ചാം തീയതി മുതൽ മാളിക്കടവ് റോഡിലൂടെ വലിയ വാഹനങ്ങളോ കാറോ കടത്തിവിടുകയില്ലെന്നും ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിക്കുമെന്നും കളക്ടർ വ്യക്തമാക്കിയതോടെ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.
എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയിലെ കാര്യങ്ങൾ പ്രാവർത്തികമാക്കാനായില്ല. ഇതാണ് ഉടമകളെ സൂചനാ പണിമുടക്കിലേക്കു നയിച്ചത്. 52 ബസുകൾ ഓടിയിരുന്ന ബാലുശ്ശേരി റൂട്ടിൽ ഇപ്പോൾ 48 ബസുകളാണ് സർവീസ് നടത്തുന്നത്.
ബാലുശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ഓടിയെത്താൻ അനുവദിക്കപ്പെട്ട സമയം ഒരുമണിക്കൂറും. റോഡിന്റെ ഇരുഭാഗവും ജൽജീവൻ മിഷൻ പൈപ്പിട്ട കിടങ്ങുകളും ഗ്യാസ് ലൈൻ പൈപ്പിന്റെ കിടങ്ങുകളുമാണ്.
ശോച്യാവസ്ഥയിലായ റോഡുതാണ്ടി മാളിക്കടവ് റോഡിലെത്തിയാൽ വലിയ വാഹനങ്ങളും കാറുകളും വരുത്തിവെക്കുന്ന അഴിയാക്കുരുക്കുകളുമുണ്ട്. ഇതിനിടയിൽ ടയറടക്കമുള്ള പാർട്സുകൾ വരുത്തിവെക്കുന്ന റിപ്പയറിങ് വേറെയും.
മാവിളിക്കടവ് റോഡിൽ ബസുകാർ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ വിജയൻ നന്മണ്ടയും പി.കെ. ഭാസ്കരനും അറിയിച്ചു
Signal strike of private buses started on Balushery Kozhikode route