പേരാമ്പ്ര : കാറിൽ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് മലാപ്പറമ്പ് ഫ്ളോറിക്കൽ റോഡിൽ വെച്ച് എക്സൈസ് സംഘം പിടികൂടി. മൂന്നുപേർ അറസ്റ്റിൽ.
കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പേരാമ്പ്ര കൂത്താളി പാറമ്മൽ വീട്ടിൽ മുഹമ്മദ് അസ്ലം (28) ചെമ്പനോട സ്വദേശി കാപ്പും ചാലിൽ സിദ്ദീഖ് ഇബ്രാഹിം (32) , മരുതോങ്കര പശുക്കടവ് സ്വദേശി പൊന്നത്ത് വളപ്പിൽ റംസാദ്.പി.എം (38), എന്നിവരെയാ അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാകളി ലായിരുന്നു കഞ്ചാവ് കടത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ് എക്സൈസ് സംഘത്തിൻ്റെ വലയിലായത്.
കാസർകോട് നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാന പങ്ക് കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ഈ ലോബിക്കാണെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് എക്സൈസ് സംഘത്തിന് മനസ്സിലായിട്ടുണ്ട്.
ഈ മാസം നാലാം തവണയാണ് പ്രതികൾ കോഴിക്കോട് സിറ്റിയിൽ കാസർകോട് നിന്നും കഞ്ചാവ് എത്തിച്ചത്. ഇന്നലെ രാത്രി കിട്ടിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടാനായത്.
കോഴിക്കോട് സിറ്റിയിൽ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന കണ്ണിയായ പെരുമണ്ണ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു.
ഒരു കിലോ കഞ്ചാവിന് പതിനാലായിരം രൂപ നിരക്കിലാണ് വില്പ്പന. ആന്ധ്രപ്രദേശിലെ തുണിയിൽ നിന്നുമാണ് കഞ്ചാവ് കാസർകോട് എത്തിക്കുന്നതെന്നും അവിടുന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതിന്റെ മുഖ്യ കണ്ണിയാണ് കാസർകോട് നീലേശ്വരം സ്വദേശി എന്നും എക്സൈസ് സംശയിക്കുന്നു.
പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹാരിസ്.എം, സഹദേവൻ.ടി.കെ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷാജു.സി.പി, ജലാലുദ്ദീൻ.എൻ സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ, അഖിൽ.എ.എം , രജിൻ.എം.ഒ , സതീഷ്.പി.കെ, ജിത്തു , എക്സൈസ് ഡ്രൈവർ ബിബിനീഷ്.എം.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Excise team seized 20 kg of ganja in Malaparam; Three people were arrested