തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ നാവികസേന പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ.
നാവികസേനയും തെരച്ചിലിൽ പങ്കെടുക്കണമെന്ന് അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
കരസേനയുടെ സഹായവും തെരച്ചിലിനുണ്ടാകും. കരസേനയുടെ ചെറു ഹെലികോപ്റ്റർ തെരച്ചിലിന് സഹായം നൽകും.
നാവികസേനാംഗങ്ങൾക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റർ എത്തുക. പുഴയിലെ തെരച്ചിൽ ദൗത്യത്തിന് നിലവിൽ കരസേനയെ നിയോഗിച്ചിട്ടില്ല.
ഇന്ന് മത്സ്യത്തൊഴിലാളിയായ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്ക് കണ്ടെത്തി.
ഇന്ന് രാവിലെ മുതൽ നാവികസേന ഗംഗാവലി പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ നാവികസേനയ്ക്ക് ഉത്തര കന്നഡ ജില്ലാ ഭരണകൂടം പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്താനുള്ള അനുമതി നൽകിയില്ല.
തുടർന്നാണ് കാർവാർ എംഎൽഎ സതീഷ് സെയ്ൽ ഇടപെട്ട് മത്സ്യത്തൊഴിലാളിയായ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയെ കൊണ്ടുവന്നത്. ഈശ്വർ ഒൻപത് തവണ മുങ്ങി.
ഒരു മണിക്കൂർ പരിശോധന നീണ്ട തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡോളിക് ജാകും ടാങ്കറിൻ്റെ ചില ഭാഗങ്ങളും കണ്ടെത്തി.
നാളെ നാവികസേനയും എന്‍ഡിആര്‍എഫും അടക്കമുള്ളവരും തെരച്ചിലിന് ഉണ്ടാകും. നാളെ രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ പരിശോധന തുടരും.
ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾക്ക് പുറമേ എന്‍ഡിആർഎഫ്, എസ് ഡി ആർ എഫ്, നാവികസേന അംഗങ്ങൾ കൂടി തെരച്ചിലിൽ പങ്കെടുക്കും.
ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്ടായി കുറഞ്ഞത് തെരച്ചിലിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഹൈഡ്രോളിക് ജാക്ക് പുഴയിൽ നിന്ന് കണ്ടെത്തിയതോടെ അർജുനേയും ലോറിയും കണ്ടെത്താനാകുമെന്ന പ്രതീക്ഷ വർധിക്കുന്നു.
The Navy will participate in the search for Arjun