ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്.
ക്യാബിനുള്ളില്‍ മൃതദേഹവും ഉണ്ടെന്നാണ് സംശയം. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.
അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലോറിയുടെ ക്യാബിന്‍ പുറത്തെടുക്കുന്നത്.
ഈ ദിവസങ്ങളിലെല്ലാം അർജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്‍റെ ശക്തമായ സിഗ്നലുകൾ കിട്ടി. നദിയുടെ നടുവിൽ മൺകൂനയ്ക്ക് അടുത്ത് സിപി 4 മാർക്ക് ചെയ്തു.
ജൂലൈ 28 ന് ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചിൽ നിർത്തിവയ്ക്കണ്ടി വന്നു. ഓഗസ്റ്റ് 14 ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി. ഓഗസ്റ്റ് 17 ന് ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചിൽ തുടരാനായില്ല.
ഡ്രഡ്ജർ കേരളത്തിൽ നിന്ന് കൊണ്ടുവരാനുള്ള ശ്രമവും നടക്കില്ലെന്നുറപ്പായി. ഈശ്വർ മാൽപെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും തെരച്ചിലിനിറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടിൽ മരങ്ങളും പാറക്കെട്ടുകളും വന്നടിഞ്ഞ സ്ഥിതിയിലായതിനാലും ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലും അധികം ആഴത്തിലേക്ക് പോകാനായില്ല.
Arjun's lorry found; Jithin, sister's husband witnessed with tears