ബാലുശ്ശേരി: സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇന്റസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളില്‍ ഒന്നായ കിനാലൂരില്‍ വന്‍ വികസന കുതിപ്പ്. ഇതിനോടകം 60 വ്യാവസായിക യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. 310.71 ഏക്കര്‍ ഭൂമിയുള്ള ഈ കേന്ദ്രത്തില്‍ റോഡ് കണക്ഷന്‍, വൈദ്യുതി വിതരണം, ചുറ്റുമതില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
160 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ വ്യാവസായിക ആവശ്യത്തിനായി വികസിപ്പിച്ചെടുത്തത്. ആകെയുള്ള സ്ഥലം അനുവദിച്ചതില്‍ ശേഷിക്കുന്ന യൂണിറ്റുകളും പ്രവര്‍ത്തനാരംഭത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. ഐജിസിയുടെ ഒന്നാം ഘട്ട മേഖലയില്‍ നിലവിലുള്ള റോഡുകളുടെ പുനര്‍നിര്‍മ്മാണം, അധിക അപ്രോച്ച് റോഡുകള്‍, ഡ്രെയിനേജുകള്‍, ജലവിതരണ ലൈനുകള്‍, മഴവെള്ള സംഭരണം, അനുബന്ധ ജോലികള്‍ എന്നിവയുടെ വികസനം കെഎസ്‌ഐഡിസി ആണ് നടപ്പിലാക്കുന്നത്.
10 കോടി രൂപ ചിലവ് വരുന്ന ഈ പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വ്യവസായങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഐടി, ബയോടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, അഗ്രോ ഇന്‍ഡസ്ട്രീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങി നിരവധി മേഖലകളിലെ പ്രധാന സംരംഭങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള കെ എസ് ഐ ഡി സിയുടെ ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫീസിന് പുറമേ എറണാകുളത്ത് മാത്രമായിരുന്നു കെ എസ് ഐ ഡി സിക്ക് ബ്രാഞ്ച് ഓഫീസ് ഉണ്ടായിരുന്നത്. മലബാര്‍ മേഖലയുടെ വ്യവസായ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജ്ജിതമാക്കുന്നതിനുമായി സ്ഥാപനത്തിന്റെ മൂന്നാമത്തെ ഓഫീസാണ് കോഴിക്കോട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Huge development in Kinalur. growth centre