നടുവണ്ണൂർ: സൗഹൃദങ്ങള്‍ക്ക് പ്രായമാകുന്നില്ല; പരസ്പരം താങ്ങായി ഈ ഡോക്ടര്‍മാര്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 28 കിലോമീറ്റര്‍ കുറ്റ്യാടി സംസ്ഥാനപാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ നടുവണ്ണൂര്‍ മെട്രോ ഹോസ്പിറ്റല്‍ കാണാം.
ഏതു നഗരത്തിലും ജോലിചെയ്യാനും ജീവിക്കാനും ആവശ്യമായ സകല ഭൗതികസൗകര്യങ്ങളുമുണ്ടായിരുന്നിട്ടും യൂസഫ് ഡോക്ടറും ശങ്കരന്‍ ഡോക്ടറും അരനൂറ്റാണ്ടായി ഈ ഗ്രാമത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
അഞ്ചുതലമുറയെ ചികിത്സിച്ച പരിചയമാണ് ഇവരെ ഡോക്ടര്‍-രോഗി ബന്ധത്തിനപ്പുറമാക്കുന്നത്.
‘ദാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ അന്‍പത്തിനാലു വര്‍ഷമായി ഈ ആശുപത്രി തുടങ്ങിയിട്ട്. ഞങ്ങളതിനും അഞ്ചു വര്‍ഷം മുമ്പ് കൂട്ടുകാരായി…’
പലവഴിക്ക് വന്നവര്‍ കൂട്ടായപ്പോള്‍
പാലക്കാട് ജില്ലയിലെ തൃത്താല മുടവന്നൂര്‍ അരിക്കത്ത് ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെയും ഉമാദേവിയുടെയും മകന്‍ എ.എം. ശങ്കരന്‍ നമ്പൂതിരി കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ അഡ്മിഷന് തയ്യാറായി പുറപ്പെട്ടിറങ്ങുമ്പോഴായിരുന്നു അച്ഛന്‍ അന്നത്തെ പത്രം മറിച്ചുനോക്കിയത്. അതില്‍ ശങ്കരനെ മെഡിസിന് സെലക്ട് ചെയ്തതായി കണ്ടു.
‘നിനക്ക് മെഡിസിന് കിട്ടീട്ട്ണ്ട്… അതുപോരെ, അതാവും ഭേദം’ എന്ന് അധ്യാപകനായ അച്ഛന്‍ അഭിപ്രായപ്പെട്ടു… ‘മതി’ എന്നു ഞാനും.
‘അന്നൊക്കെ എന്‍ട്രന്‍സ് കോച്ചിങ്ങോ പ്രവേശനപരീക്ഷയോ ഒന്നുംതന്നെയില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ കിട്ടും അത്ര തന്നെ… ഒരു നിയോഗംപോലെ. മെഡിസിനോട് അത്രയൊന്നും പ്രതിപത്തിയില്ലാതെ മെഡിസിന്‍ തിരഞ്ഞെടുത്ത് കോഴിക്കോട്ടേക്ക്.’ ഡോ. എ.എം. ശങ്കരന്‍ നമ്പൂതിരിയുടെ വാക്കുകള്‍.
അപ്പോഴേയ്ക്കും വള്ളുവനാട്ടിലെ കരിമ്പയിൽ കരിമ്പനക്കൽ വീട്ടിലെ മുഹമ്മദ് കുട്ടി റാവുത്തറുടെയും സൈനബ ഉമ്മയുടെയും മകൻ കെ.യൂസഫ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു വർഷം പിന്നിട്ടിരുന്നു.
അവിടെ തുടങ്ങുന്നു ആ ബന്ധം.കോളേജിലേയും ഹോസ്റ്റലിലേയും ഒന്നിച്ചുള്ള ജീവിതവും ഒരേ അഭിരുചികളും രണ്ടു പേരെയും വേഗം സുഹൃത്തുക്കളാക്കി.
Friendships never grow old; These doctors supported each other. Sankaran celebrates Doctor's birthday with Yusuf Doctor