പേരാമ്പ്ര : മൈസൂരില്‍ പുഴയില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം പേരാമ്പ്ര സ്വദേശിയായ യുവാവിന്റെതാണെന്ന് സുഹൃത്തുക്കളും ചില ബന്ധുക്കളും കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്.
കഴിഞ്ഞ ദിവസമാണ് മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ സഹിതം വന്നിരുന്നു.
പേരാമ്പ്രക്കടുത്ത് കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ യുവാവിനെ 2024 മെയ് 15 മുതല്‍ കാണാതായിരുന്നു. മൈസൂരില്‍ അഞ്ജാത മൃതദേഹം ഉള്ളതായി അറിഞ്ഞ യുവാവിന്റെ സുഹൃത്തുക്കള്‍ മൈസൂരില്‍ എത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മുതുവണ്ണാച്ചയില്‍ നിന്ന് കാണാതായ യുവാവിനോട് സാദൃശ്യം തോന്നുകയും തുടര്‍ന്ന് യുവാവിന്റെ ഉമ്മയും അടുത്ത ബന്ധുക്കളും ഗ്രാമപഞ്ചായത്ത് മെമ്പറുപ്പെടെയുള്ളവര്‍ മൈസൂരില്‍ എത്തിയിരുന്നു.
ബന്ധുക്കളും മറ്റും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച അനാഥ മൃതദേഹം പരിശോധിച്ചപ്പോള്‍ ഇയാളുടെത് ആണോ എന്ന സംശയം പ്രകടിപ്പിച്ചു.
ഇതോടെ വിദേശത്തായിരുന്ന യുവാവിന്റെ ജേഷ്ഠനെ അവിടെ നിന്നും വിളിച്ച് വരുത്തി മൃതദേഹം കാണിച്ചു. പേരാമ്പ്ര പൊലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിക്കുകയും സംശയം തീര്‍ക്കുന്നതിനായി ഡിഎന്‍എ സാംമ്പിള്‍ കലക്ട് ചെയ്യുകയും ചെയ്തു. എന്നാലും പൊലീസിന്റെ അന്വേഷണം അവസാനിച്ചിരുന്നില്ല.
ഡിഎന്‍എ പരിശോധന നടന്നു വരുന്നതിനിടയില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവ് ഉപയാഗിക്കുന്നതെന്ന് സംശയിക്കുന്ന ഒരു മൊബൈല്‍ നമ്പര്‍ കണ്ടെത്തി.
തുടര്‍ന്ന് ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവിനെ ബംഗലുരു ലാല്‍ബാഗിനടുത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. നാട്ടിലെത്തിച്ച യുവാവിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഏറെ സങ്കീര്‍ണതകളിലേക്കും ദുരൂഹതകളിലേക്കും പോകുമായിരുന്ന യുവാവിന്റെ തിരോധാനവും തുടര്‍ന്ന് മൃതദേഹം ലഭിച്ചതുമായ സംഭവം പേരാമ്പ്ര പൊലീസിന്റെ അന്വേഷണ വൈഭവത്തില്‍ യുവാവിനെ കണ്ടെത്തിയതോടെ അവസാനിച്ചു. ഇതോടെ പൊലീസിന് സമാധാനവും ബന്ധുക്കള്‍ക്ക് ഏറെ സന്തോഷവും.
The police found the young man who was thought dead by his relatives and friends