തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ. ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. കെ. രാധാകൃഷ്ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിനു പിന്നാലെയാണ് ചേലക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം മുൻ എം.പിയായ രമ്യ ഹരിദാസ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് മത്സരിക്കുകയും എൽഡിഎഫിന്റെ കെ. രാധാകൃഷ്ണനോട് തോൽക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.
Priyanka Gandhi in Wayanad, Rahul in Palakkad Mankoot, Ramya Haridas in Chelakkara; UDF as candidates