നടുവണ്ണൂര്‍: നടുണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയഞ്ച് അങ്കണവാടികളിലാണ് കുഞ്ഞുമക്കള്‍ പുതുതായി പ്രവേശനം നേടിയത്. ഇടുവാട്ട് കുന്നില്‍ അംഗനവാടിയില്‍ നടന്ന പരിപാടി സോഷ്യല്‍ മീഡിയ തരംഗമായ കുഞ്ഞു ഗായിക ഹരിചന്ദന ഉദ്ഘാടനം ചെയ്തു.

കെ. കെ. രമണി ടീച്ചര്‍ സ്വാഗതവും, റംസീന ഷാലിദ് നന്ദിയും രേഖപ്പെടുത്തി. സനൂബ ടീച്ചര്‍, സി.എം. നാരായണന്‍, എം.കെ. ശ്രീധരന്‍, എം. പ്രസൂണ്‍, ബീനാ ശൈലന്‍, അനഘ നിഖില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളാണ് അതത് വാര്‍ഡുകളില്‍ പ്രവേശനോത്സങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി ജില്ലയിലെ കുരുന്നുകള്‍. മധുരവും പൂക്കളും സമ്മാനവും നല്‍കിയാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. നിറഞ്ഞ കണ്ണുകളാല്‍ അങ്കണവാടികളിലെത്തിയ കുരുന്നുകള്‍ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി. ഇതോടെ ആദ്യം വരാന്‍ മടിച്ചവര്‍ക്കൊക്കെ അങ്കണവാടിയില്‍ നിന്ന് തിരികെ പോകാന്‍ താല്‍പര്യമില്ലാതായി. ജില്ലയിലെ 2938 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 12000-ഓളം കുട്ടികള്‍ പുതിയതായി അങ്കണവാടിയില്‍ പ്രവേശനം നേടി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ആകര്‍ഷണീയമായ രീതിയില്‍ അലങ്കരിച്ചും പുതിയതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രവേശനോത്സവം ആഘോഷമാക്കിയത്. പുതുതായി എത്തുന്ന കുരുന്നുകളെ സ്വീകരിക്കുവാന്‍ അങ്കണവാടി കുട്ടികള്‍ തന്നെയായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. വെല്‍ക്കം കിറ്റ്, മധുരം എന്നിവ നല്‍കിയാണ് കുരുന്നുകളെ സ്വീകരിച്ചത്.
കുട്ടികളുടെ കലാപരിപാടികളുമായതോടെ പ്രവേശനോത്സവം ആവേശഭരിതമായി. സംയോജിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. മെയ് 15 മുതല്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനം വരെ നീളുന്ന ആഘോഷ പരിപാടികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്.
അങ്കണക്കൂട്ടം, ഒരുങ്ങാം കുരുന്നുകള്‍ക്കായ്, ഗൃഹാങ്കണസംഗമം, വീട്ടുമുറ്റത്തൊരു ഒത്തുചേരല്‍, സസ്‌നേഹം തുടങ്ങി 12 ഓളം ആക്റ്റിവിറ്റികളാണ് സംഘടിപ്പിക്കുന്നത്. അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കുട്ടികളുടെ എന്റോള്‍മെന്റ് വര്‍ധിപ്പിക്കുക, കുട്ടികളുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്നതില്‍ അങ്കണവാടികള്‍ക്കുള്ള പ്രാധാന്യം, അങ്കണവാടികളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടിയിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
entry cerimony of childransn at naduvannur