നടുവണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ ശ്രീരാമ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം. ചരിത്രപരമായ തിളക്കമാര്‍ന്ന പ്രാധാന്യം ഇവിടുത്തെ ശ്രീരാമനുണ്ട്. കോട്ടൂരിന് സമീപം പെരിയ കോവിലകം എന്ന രാജവംശത്തിന്റെ കുലദൈവമായിട്ടായിരുന്നു ശ്രീരാമനെ ആരാധിച്ചിരുന്നത്.

ഒരു കാലത്ത് ഈ ഭഗവാന്‍ രാജരക്ഷക്കും പ്രദേശത്തിന്റെ അഭിവൃദ്ധിക്കും നിദാനമായി വര്‍ത്തിച്ചിരുന്നു എന്ന് വിശ്വാസം. എന്നാല്‍ ഖരവധത്തോട് കൂടിയ ധ്യാനത്തിലായിരുന്നു ശ്രീരാമനെ കോവിലകത്ത് പൂജിച്ചിരുന്നത്. അതായത് ഭഗവാന്‍ ഉഗ്രമൂര്‍ത്തിയായതിനാല്‍ പിന്നീട് ഈ കോവിലകത്ത് അഗ്‌നിബാധ പോലുള്ള അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി.
തുടര്‍ന്ന് നാടുവാഴിയുടെ നേതൃത്വത്തില്‍ പണ്ഡിതസദസ്സ് ചേര്‍ന്ന് കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവിലുണ്ടാക്കി ഇതേ വിഗ്രഹത്തെ തന്നെ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ഇങ്ങനെയാണ് കോട്ടയുള്ള ഊര് എന്ന സ്ഥലനാമ ഐതിഹ്യമുള്ള കോട്ടൂരില്‍ രാമപ്രതിഷ്ഠ ഉണ്ടായത്.
ഇതോടൊപ്പം മഹാവിഷ്ണുവും ശ്രീകൃഷ്ണ സ്വാമിയും യോഗീശ്വരനും തേവാര മൂര്‍ത്തിയും ഗണപതിയും അപരിമേയമായ സാന്നിധ്യമായി ഭക്തവാത്സല്യത്തോട് കൂടി ഈ മഹാക്ഷേത്രത്തില്‍ കുടിയിരിക്കുന്നു. ശ്രീരാമ പ്രതിഷ്ഠ ഉള്ള ഈ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കര്‍ക്കിടമാസം മറ്റ് ക്ഷേത്രങ്ങളേക്കാള്‍ പ്രാധാന്യത്തോടെയാണ് ആചരിച്ച് വരുന്നത്.
രാമായണ മാസക്കാലത്ത് നിത്യവും കാലത്ത് അഷ്ടദ്രവ്യ സമേതം ഗണപതിഹോമം, ശ്രീരാമന് വിശേഷാല്‍ പൂജ, സന്ധ്യക്ക് ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കും. കര്‍ക്കിടക മാസാചരണം ഈ വര്‍ഷവും വളരെ പ്രാധാന്യത്തോട് കൂടി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡിന്റെയും പരിപാലന സമിതയുടെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ കര്‍ക്കിടക മാസത്തില്‍ നിത്യവും രാമായണ പാരായണം, പ്രഭാഷണങ്ങള്‍, പ്രശ്നോത്തരി തുടങ്ങിയവയും നടത്തപ്പെടും.
ക്ഷേത്രത്തില്‍ കര്‍ക്കിടക പൂജയ്ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയും രാമായണ പരായണ പരായണത്തിന് ആഴേടം കേശവന്‍ നമ്പൂതിരിയും നേതൃത്വം നല്‍കും.
#Historical #significance of #Ramayana #month #celebration at #Kottur Maha #Vishnu #Temple