കോഴിക്കോട് : നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് എതിരെ ഉയര്‍ന്ന് വരുന്ന നുണ പ്രചാരങ്ങള്‍ക്ക് മറുപടി നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസിനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.
മന്ത്രിയുടെ എഫ് ബി കുറിപ്പ്
നിപ പ്രതിരോധത്തില്‍ വ്യാപൃതരായ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു. മഹാമാരിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ കേരളമാകെ കോഴിക്കോടെ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പമുണ്ട്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. നിപ്പയെന്ന് സംശയം തോന്നിയപ്പോള്‍ തന്നെ ആരോഗ്യമന്ത്രി നേരിട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇതുവരെ 94 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി, 6 പേരാണ് ഇതുവരെ പോസിറ്റീവ് ആയത്. അസുഖം ബാധിച്ചെന്ന് കരുതപ്പെടുന്ന ആദ്യ വ്യക്തിയില്‍ തന്നെ രോഗം സ്ഥിരീകരിക്കാനായി എന്ന അപൂര്‍വ നേട്ടവും നാം സ്വന്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയുടെ അസ്വാഭാവികമായ പനിയെ പറ്റിയുള്ള ശാസ്ത്രീയ അന്വേഷണമാണ് നിപ സ്ഥിരീകരിക്കുന്നതിലേക്കും നിയന്ത്രണത്തിലേക്കും നയിച്ചത്.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തും കാര്യക്ഷമതയുമാണ് ഇത് ഒരിക്കല്‍ക്കൂടി വിളംബരം ചെയ്യുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജില്ലയിലെ ഉദ്യോഗസ്ഥസംവിധാനം, പൊതുജനങ്ങള്‍ എല്ലാവരും കണ്ണിചേര്‍ന്ന് ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ രാവും പകലും പോരാടുകയാണ്. നിപയ്‌ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാള്‍ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതിയിരിക്കണം. 'രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ നിപ്പ അഴിച്ചുവിട്ടു' എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തി. ഐ സി എം ആര്‍ മാനദണ്ഡപ്രകാരം നിപ സ്ഥിരീകരിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേ കഴിയൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞ ശേഷവും, ചില സ്ഥാപിത താല്‍പര്യക്കാരും സൈബറിടത്തെ നുണപ്രചാരകരും വ്യാജപ്രചാരണവുമായിറങ്ങി. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനെയും എത്ര തരംതാണ രീതിയിലാണ് ഒരു കൂട്ടര്‍ ചിത്രീകരിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്‍കൈയില്‍ ജനങ്ങളാകെ പങ്കാളികളായ വിപുലമായ പ്രവര്‍ത്തനമാണ് കോഴിക്കോട് നടക്കുന്നത്. ആ ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നത് എന്തോ അപരാധമാണെന്ന നിലയില്‍ ചിത്രീകരിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ട് മാത്രമാണ്. ആദ്യ കേസ് തന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആരോഗ്യ വകുപ്പിനെയും നയിക്കുന്ന മന്ത്രി വീണാ ജോര്‍ജിനെയും ഏതൊക്കെ രീതിയിലാണ് ആക്രമിക്കുന്നതെന്ന് നോക്കൂ
. നിപ ആവര്‍ത്തിക്കുന്നതിന് കാരണം ശാസ്ത്രജ്ഞന്മാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും അറിയില്ലെങ്കിലും, വകുപ്പിന്റെ വീഴ്ച കൊണ്ടാണെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നു, നുണയുടെ ഈ പാഠങ്ങള്‍ വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ പരത്തുന്നു. ഇതൊന്നും വേരു പിടിക്കാത്തതിനാല്‍, ഏറ്റവുമൊടുവില്‍ മന്ത്രിമാരെ തന്നെ മൊത്തത്തില്‍ മാറ്റുന്നു എന്നുപോലും വസ്തുതയുടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കുന്നു.
സനത് ജയസൂര്യയുടെ പേജില്‍ വ്യാജപ്രൊഫെയിലുകളും പ്രത്യക്ഷത്തില്‍ തന്നെ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നവരുമിട്ട ഒന്നോ രണ്ടോ കമന്റിന്റെ പേരില്‍ 'സൈബറാക്രമണം' എന്ന് കൊട്ടിഘോഷിച്ചവരും, സൈബറിടത്തെ ഈ ആക്രമണങ്ങള്‍ കാണുന്നില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. വെറുപ്പ് വ്യാപിപ്പിക്കാനുള്ള ഈ ശ്രമങ്ങളെ താലോലിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ഇവരും. നമ്മള്‍ മലയാളികള്‍ നിപയും കോവിഡും പ്രളയവുമെല്ലാം കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടന്ന ഒരു ജനതയാണ്.
ഏത് ദുരന്തത്തെയും ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനാവുമെന്ന് നാം പലവട്ടം തെളിയിച്ചു. ദുരന്തമുഖത്തെ ഇത്തരം ഒറ്റുകാരെയും നുണപ്രചാരകരെയും എന്നും ഒറ്റപ്പെടുത്തിയാണ് നമുക്ക് ശീലം. നിപ്പയ്‌ക്കൊപ്പം, വെറുപ്പിന്റെ വക്താക്കളുടെ ഈ നുണ പ്രചരണങ്ങളും കേരളത്തിന് മറികടക്കേണ്ടതുണ്ട്. ഒരുമിച്ച് നില്‍ക്കാന്‍, കൂട്ടായി പ്രവര്‍ത്തിക്കാന്‍, ഈ പ്രതിസന്ധിയെയും അതിജീവിക്കാം നമുക്ക് ജാഗ്രത പുലര്‍ത്താം.
MInister M B Rajeesh FB POst nipha issue