കോഴിക്കോട് : ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ വൈറല്‍ ഫോട്ടോകള്‍ നിര്‍മ്മിക്കുന്നതിനിടെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നാം കാണാതെ പോവുകയാണെന്നാണ് ഡാറ്റാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നത്. തമാശയ്ക്കും കൗതുകത്തിനും അല്‍പ്പനേരത്തെ രസത്തിനുമപ്പുറം വൈറല്‍ ഫോട്ടോ ആപ്പുകള്‍ വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നിങ്ങള്‍ പ്രവേശിക്കുന്നത്. മുഖവും മുടിയും മാറ്റി അത്യാകര്‍ഷക സുന്ദര കോമള രൂപങ്ങളാക്കി മാറ്റുന്ന ആപ്പ് തരംഗം നേരത്തെയും ഇവിടെയുണ്ടായിട്ടുണ്ട്. പല രീതിയിലും പല ഭാവത്തിലും ഇത്തരം ആപ്പുകള്‍ ട്രെന്‍ഡിംഗ് ആയിരുന്നു. അന്നും ഇന്നും ഇത്തരം ആപ്പുകള്‍ മുന്നോട്ട് വയ്ക്കുന്നത് സ്ഥിരം ഭീഷണിയാണ് ഡാറ്റ ചോര്‍ച്ച്. വാട്‌സാപ്പ് സ്റ്റാറ്റസില്‍, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, ഫേസ്ബുക്ക് പോസ്റ്റില്‍ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഫോട്ടോലാബ് തരംഗമാണ്.
ആപ്പ് സ്റ്റോറില്‍ ആപ്പുണ്ട്, സെര്‍ച്ച് ചെയ്യുക ഡൗണ്‍ലോഡ് ചെയ്യുക. പിന്നെ നമ്മുടെ ചിത്രമെടുത്ത് അതിലെ ഏതെങ്കിലും ടെംപ്ലേറ്റിലൂടെ കയറ്റി ഇറക്കുക. വെളുവെളുത്ത തൊലിയും തിളങ്ങുന്ന മുടിയും പൊളിപ്പന്‍ വേഷവും വേണമെങ്കില്‍ അങ്ങനെ. അല്ലെങ്കില്‍ ഇല്ലാത്ത മസിലു പെരുപ്പിച്ചും നഷ്ട യൗവ്വനം തിരിച്ചുപിടിച്ചും വെര്‍ച്വല്‍ ലോകത്ത് രാജാവും റാണിയുമാകാം. ലൈന്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നൂറ് മില്യണിലധികം ഡൗണ്‍ലോഡുള്ള ഈ ആപ്പിന്റെ സൃഷ്ടാക്കള്‍.
എഐ ഫോട്ടോ എഡിറ്റിങ്ങ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ ആപ്ത വാക്യം. പുത്തന്‍ എ ഐ ട്രെന്‍ഡിനൊപ്പം മുന്നേറിയ ഒരു സാധാ ആപ്പ് മാത്രമാണ് ഫോട്ടോലാബ്. ഇത്തരത്തില്‍ വൈറലാകുന്ന ആദ്യ എഡിറ്റിംഗ് ആപ്പൊന്നുമല്ല ഈ ഫോട്ടോലാബ്. റെമിനി, ലെന്‍സ എഐ, ഫേസ് ആപ്പ്, പ്രിസ്മ എന്നിങ്ങനെ വൈറല്‍ ആപ്പുകള്‍ നേരത്തെയും വന്നിരുന്നു.
തമാശയ്ക്കും കൗതുകത്തിനും അല്‍പ്പനേരത്തെ രസത്തിനുമപ്പുറം ഈ ആപ്പുകള്‍ ഉയര്‍ത്തുന്ന സ്വകാര്യതാ ഭീഷണി വലുതാണ്. എഐ ടൂളുകളെ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മളീ ആപ്പുകള്‍ക്ക് തീറെഴുതി കൊടുക്കുന്നത്. എത്ര പേര്‍ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാന്‍ കിട്ടും. അങ്ങനെ സാങ്കേതിക വിദ്യ മെച്ചപ്പെടും. ഇപ്പോഴത്തേതിനേക്കാള്‍ മികച്ച എഡിറ്റുകള്‍ അങ്ങനെ ഭാവിയില്‍ സാധ്യമാകും.
The security threat behind the Viral photos