കോഴിക്കോട് : ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.

ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 981 പേര്‍. ഒരാളെയാണ് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ആകെ 307 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 437 പേരാണുള്ളത്. കോള്‍ സെന്ററില്‍ വ്യാഴാഴ്ച 25 ഫോണ്‍ കോളുകളാണ് വന്നത്.
ഇതുവരെ 1,263 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒരുക്കിയ 75 മുറികളില്‍ 69 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 10 മുറികളും നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്.
വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.
Nipa concern is moving; Test results were all negative