നടുവണ്ണൂര്‍ : അയിത്തോച്ചാടനത്തിന്റെ സ്മരണകളിരമ്പുന്ന നന്താനശേരി ക്ഷേത്രക്കുളം കോഴിക്കോട് കോര്‍പറേഷന്റെ നഗര സംയോജന ഫണ്ടിലുള്‍പ്പെടുത്തി നവീകരിക്കുന്നു. 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിന്റെ പദ്ധതിയില്‍ നടുവണ്ണൂരിലെ നന്താനശേരി ക്ഷേത്രക്കുളം പുതുക്കിപണിയുന്നത്. 86 സെന്റ് വിസ്തൃതിയില്‍ ചെങ്കല്ലില്‍പ്പണിത കുളം പടവുകളിടിഞ്ഞ് നാശത്തിന്റെ വക്കിലാണ്. പൊളിഞ്ഞ പടവുകള്‍ നവീകരിക്കും.

കുളത്തിലെ ചെളിയും പായലും നീക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ തുറക്കുന്നതിനു മുമ്പ് ഡിസംബറോടെ നിര്‍മാണം തുടങ്ങും. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുളം പരിശോധിച്ചു. നടുവണ്ണൂര്‍ ദേവസ്വം സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റേതാണ് കുളം.
12 കുളിക്കടവുള്ള കുളത്തിന് അടിവരെ ചെങ്കല്‍ പടവുകളുണ്ട്. നടുവണ്ണൂരിലെ നീര്‍മറി പ്രദേശങ്ങളില്‍നിന്ന് മഴക്കാലത്തും ഫെബ്രുവരിയില്‍ കനാല്‍ തുറക്കുമ്പോഴും ധാരാളം വെള്ളം കുളത്തില്‍ എത്തുന്നതിനാല്‍ എന്നും ജലസമൃദ്ധമാണ്. അയിത്തോച്ചാടനത്തിന്റെ ഭാഗമായി 1938ല്‍ നന്താനശേരി ഇല്ലത്തെ ഗണപതി മൂസ്സതിന്റെ നേതൃത്വത്തില്‍ സമീപത്തുള്ള ഹരിജന്‍ ബാലന്മാരെ കൊണ്ടുവന്ന് കുളിപ്പിച്ചിരുന്നു.
തുടര്‍ന്ന് സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും ഇല്ലത്ത് സമൂഹസദ്യ നടത്തുകയും ചെയ്തിരുന്നു. ഇത് വലിയ സാമൂഹ്യ മുന്നേറ്റമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുളത്തിനടുത്തുള്ള റോഡിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ അനുവാദമില്ലാത്ത കാലത്തായിരുന്നു ഈ സാമൂഹ്യ മുന്നേറ്റം.
Natuvannur Nanthanassery temple pool will be renovated