കൊച്ചി: കുസാറ്റിൽ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) ക്യാംപസിൽ ഇന്ന് നടന്ന ടെക് ഫെസ്റ്റിന്റെ സമാപനചടങ്ങിന്‍റെ ഭാഗമായി നടന്ന പരിപാടികള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തുവ്വക്കുന്നമ്മൽ താമസിക്കുന്ന വലിയപറമ്പിൽ തോമസ് കൊച്ചി റാണി എന്നിവരുടെ മകൾ സാറ തോമസ് എന്നിവരെയാണു തിരിച്ചറിഞ്ഞത്. രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയാണ് ആന്‍ റുഫ്ത. സിവില്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍. മരിച്ച നാലാമത്തെയാൾ പൂർവ്വ വിദ്യാർത്ഥിയാണ്. പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽവിൻ ജോസാണ് ഇതെന്ന് തിരിച്ചറിഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് 72 വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണുവെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയമാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കോളേജ് അധികൃതർ വീഴ്ചവരുത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. രണ്ടായിരത്തിലേറെ പേർ പരിപാടി കാണാൻ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. മഴ പെയ്തതോടെ വിദ്യാർത്ഥികളും പരിപാടി കാണാനെത്തിയ പുറത്തു നിന്നുള്ള ആളുകളും തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടയിൽ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീണതാണ് മരണകാരണമെന്നാണ് അറിയാനാവുന്നത്.
Kusat incident; thamarassery korandu native death