കക്കയം : മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന 28ാം മൈൽ – തലയാട് മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് രാത്രിയാത്ര നിരോധിച്ച് കെആർഎഫ്ബി അധികൃതർ 28ാം മൈലിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഈ റൂട്ടിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനു റോഡരിക് 20 മീറ്ററോളം ഉയരത്തിൽ ഇടിച്ചിട്ടുണ്ട്. പാതയുടെ താഴ്ഭാഗവും വലിയ ഉയരത്തിൽ ഭിത്തി നിർമിച്ചു വരികയാണ്.പാതയോരത്ത് വൻമരങ്ങൾ വീഴാനും സാധ്യതയുണ്ട്.
റോഡ് വീതി വർധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം 26ാം മൈൽ മേഖലയിൽ മലയിടിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
റോഡരികിലെ മരം പാതയിലേക്ക് വീണെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന പ്രധാന റൂട്ടാണിത്.
ദിവസേന നൂറുകണക്കിനു ടൂറിസ്റ്റുകൾ ഈ റോഡിൽ സഞ്ചരിക്കുന്നതാണ്.മഴക്കാലത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മലയിടിച്ചിൽ സാധ്യത കൂടുതലുള്ള പ്രദേശമാണിത്.
ശക്തമായ മഴയത്ത് ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നത് അപകടത്തിനു കാരണമാകുമെന്നു മുന്നറിയിപ്പിനെ തുടർന്നാണ് അധികൃതർ രാത്രിയാത്ര നിരോധിച്ചിരിക്കുന്നത്.
മലയോര ഹൈവേ നിർമാണ പുരോഗതി വിലയിരുത്തുന്നതിനും, കഴിഞ്ഞ ദിവസം മലയിടിച്ചിൽ സംഭവിച്ച 26ാം മൈൽ പ്രദേശവും കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ്.ജെ.വിജയദാസും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു.
Night travel on Kakkayam – Thalayadu road has been banned due to heavy rains