നടുവണ്ണൂർ : പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി.
നടുവണ്ണൂർ ജവാൻ ഷൈജു ബസ് സ്റ്റോപ്പിന് സമീപം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കീഴിലുള്ള പി.പി. സൺസ് എന്ന പെട്രോൾ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിലാണ് ഡീസൽ കലർന്നത്.
മൂന്ന് കിണറുകളിൽ ഡീസൽ കലർന്നതോടെ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടി. ഇതിൽ ഒരു കിണറിൽ വളരെ കൂടിയ അളവിൽ ഡീസലിന്റെ അംശം കണ്ടെത്തി. ഇതോടെ നാട്ടുകാർ യോഗം ചേർന്ന് കർമ്മ സമിതിക്ക് രൂപം നൽകി.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ കെ.കെ. സൗദ (ചെയർമാൻ), സമീർ മേക്കോത്ത് (വൈസ് ചെയർമാൻ), അശോകൻ നടുക്കണ്ടി (കൺവീനർ), രാമചന്ദ്രൻ തിരുവോണം (ജോ. കൺവീനർ), വി.പി. അർജുൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നടുവണ്ണൂർ വില്ലേജ് ഓഫീസർ, കൊയിലാണ്ടി തഹസിൽദാർ, ജില്ലാ കളക്ടർ, നടുവണ്ണൂർ കുടുംബാരോഗ്യകേന്ദ്രം, പൊലൂഷൻ കൺട്രോൾ ബോർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നത് നിർത്തിവെക്കണമെന്നും കുടിവെള്ളം മലിനമായ വീടുകളിൽ പമ്പുടമ ശുദ്ധജലം വിതരണം ചെയ്യണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടു.
ബാലകൃഷ്ണൻ വിഷ്ണോത്ത് അദ്ധ്യക്ഷനായി. എൻ. ആലി, ഷിജു വിഷ്ണോത്ത് പൊയിൽ, രവീന്ദ്രൻ വിഷ്‌ണോത്ത് പൊയിൽ, വസന്ത പുളിയത്തിങ്കൽ, വി.പി. റിഷാദ്, മുരളി നൊച്ചോട്ട്, അസ സമീർ, വി.പി. ധനേഷ്, രമണി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
Complaint about diesel mixed in the wells of the houses near the petrol pump