കോഴിക്കോട് : നാളെ (ജൂൺ 26) അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, നശാമുക്ത് ഭാരത് അഭിയാൻ, ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ‘സൗഹൃദ മതിൽ’ തീർക്കുന്നു.
മാനാഞ്ചിറ മൈതാനത്തിന് ചുറ്റും നാളെ (ജൂൺ 26) വൈകീട്ട് 4 മണിക്ക് ഒരു കിലോമീറ്റർ ദൈർഘ്യത്തിലാണ് സൗഹൃദമെന്ന വറ്റാത്ത ലഹരിയുടെ മതിൽ തീർക്കുക.
കോഴിക്കോട് ജില്ലയിലെ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും വിവിധ എൻഎസ്എസ്, എസ്പിസി, എൻസിസി, സ്കൗട്ട് & ഗൈഡ്, ജെആർസി തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കും.
രണ്ടായിരത്തിലേറെ പേർ അണിനിരക്കുന്ന പരിപാടിയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, എക്സൈസ് അസി. കമ്മീഷണര്‍ സുരേഷ് കെ എസ്, ജില്ല സാമൂഹ്യ നീതി ഓഫീസർ അഞ്ജു എം തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് മാനാഞ്ചിറ വലംവെച്ച് റാലി സംഘടിപ്പിക്കും. വിദ്യാർത്ഥികൾ ലഹരിക്കെതിരെ അംബാസിഡർമാരായി പ്രതിജ്ഞ ഏറ്റുചൊല്ലും. ലഹരിവിരുദ്ധ സന്ദേശം, കലാകായിക പ്രകടനങ്ങൾ, ദീപശിഖ കൈമാറ്റം, പ്രദർശനങ്ങൾ തുടങ്ങിയവയും അരങ്ങേറും.
മാനാഞ്ചിറ പരിസരത്തെ വിവിധ ഇടങ്ങളിലായി കായികം, സാഹിത്യം, കലാ-സാംസ്കാരികം, വായന തുടങ്ങിയ പുതുലഹരികളെ പരിചയപ്പെടുത്തി വിവിധ കോളേജുകളുടെ നേതൃത്വത്തിൽ അവതരണങ്ങൾ ഒരുക്കും.
മിഠായിതെരുവിൽ ഹൈക്കു എഴുത്ത്, മാനാഞ്ചിറ ബാസ്കറ്റ് ബോൾ കോർട്ടിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശ രൂപീകരണം, ചിത്രരചന, നൃത്തം, സംഗീതം, മറ്റ് കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറും. ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കും.
'Friendly wall' around Mananchirak tomorrow to build a cordon against intoxication; 2000 students will line up